റിലീസ് പ്രതിസന്ധി; ഇന്ന് തീയറ്റര്‍ ഉടമകളുടെ യോഗം, മരക്കാറും ചര്‍ച്ചയാവും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2021 07:54 AM  |  

Last Updated: 30th October 2021 09:20 AM  |   A+A-   |  

movietheater-screen-seats

പ്രതീകാത്മക ചിത്രം


കൊച്ചി: സംസ്ഥാനത്തെ തീയറ്റർ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും.  മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചർച്ച ചെയ്യാനാണ് യോ​ഗം. മോഹൻ ലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും യോ​ഗത്തിൽ ചർച്ചയാവും.

റിലീസ് ചെയ്യുമ്പോൾ ആദ്യ മൂന്നാഴ്ച പരമാവധി തീയറ്ററുകൾ നൽകണമെന്നത് ഉൾപ്പെടെ നിബന്ധനകൾ നിർമാതാക്കൾ മുൻപോട്ട് വെച്ചിട്ടുണ്ട്. ഈ ഉപാധികൾ യോഗത്തിൽ ചർച്ചയാകും. വെള്ളിയാഴ്ച മുതലാണ് മലയാള സിനിമകൾ റിലീസ് ചെയ്ത് തുടങ്ങിയത്.  തീയറ്ററിൽ തന്നെ മരക്കാർ റിലീസ് ചെയ്യണമെന്നാണ് ഫിലിം ചേംബർ നിലപാട്. 

ഓടിടി റിലീസ് സിനിമ വ്യവസായത്തെ തകര്‍ക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മെഗാസ്റ്റാർ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററിൽ വേണമെന്നാണ് സർക്കാർ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇനിയും ഒടിടിയിൽ സിനിമ നൽകിയാൽ സിനിമാ വ്യവസായം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരയ്ക്കാറിന്റെ റിലീസിംഗ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ആമസോണുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.