വയോജനങ്ങള്‍ക്ക് വിഷമങ്ങള്‍ തുറന്നുപറയാം, കേരളപ്പിറവി ദിനത്തില്‍ ഹെല്‍പ്പ് ലൈന്‍ സേവനത്തിന് തുടക്കം; സര്‍ക്കാര്‍ പദ്ധതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 06:07 PM  |  

Last Updated: 31st October 2021 06:07 PM  |   A+A-   |  

HELPLINE SERVICE FOR ELDERLY PEOPLE

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ വയോജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്. വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്പ്‌ലൈന്‍ സംവിധാനമാണ് ഒരുക്കുന്നത്. 14567 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വയോജനങ്ങള്‍ക്ക് സേവനമൊരുക്കുന്നത്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നവംബര്‍ ഒന്നിന് രാവിലെ 11.30ന് സേവനപദ്ധതി ഓണ്‍ലൈനില്‍ ഉദ്ഘാടനംചെയ്യും.

വിവിധ സര്‍ക്കാര്‍/സര്‍ക്കാറിതര സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഫോണ്‍വിളിയിലൂടെ അറിയാനാവുക. ഒപ്പം മാനസിക സംഘര്‍ഷങ്ങള്‍ക്ക് സാന്ത്വനം, ആരോരുമില്ലാതെ വരുമ്പോഴത്തെ പുനരധിവാസം, പലതരം ചൂഷണങ്ങളില്‍ പെട്ടുപോകുമ്പോഴുള്ള പിന്തുണ എന്നിവക്കും ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാം.

ഹെല്‍പ്പ് ലൈന്‍ സംവിധാനം

'മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും ക്ഷേമവും സംരക്ഷണവും നിയമം' സംബന്ധിച്ച സഹായങ്ങളും ഇതുവഴി കിട്ടും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുക.