തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍, അജിത തങ്കപ്പനെ ചേംബറില്‍ തടഞ്ഞുവെച്ച് പ്രതിപക്ഷ പ്രതിഷേധം; കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കി

ഓണ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍
തൃക്കാക്കര നഗരസഭയിലെ പ്രതിപക്ഷ പ്രതിഷേധം, ടെലിവിഷന്‍ ചിത്രം
തൃക്കാക്കര നഗരസഭയിലെ പ്രതിപക്ഷ പ്രതിഷേധം, ടെലിവിഷന്‍ ചിത്രം

കൊച്ചി: ഓണ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ ഓഫീസ് ക്യാബിനില്‍ എത്തിയത് അറിഞ്ഞ് പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചേംബറില്‍ അജിത തങ്കപ്പനെ തടഞ്ഞുവെച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് തുറന്ന്  കയറിയ അജിത ഫയലുകള്‍ പരിശോധിക്കുമ്പോഴാണ് പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്. പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി മുദ്രാവാക്യം വിളിച്ചു. രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. സംഘര്‍ഷത്തിനിടെ അജിത തങ്കപ്പന്‍ പൊലീസ് സംരക്ഷണയില്‍ ചേംബറില്‍ നിന്ന് മടങ്ങി. 

അതിനിടെ വനിതാ കൗണ്‍സിലര്‍മാരെയടക്കം പൊലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഇത് പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ സമ്മാനിച്ചു എന്നായിരുന്നു ആരോപണം. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com