'എന്റെ ഗ്രൂപ്പ് കോണ്‍ഗ്രസ്'; നടപ്പാക്കുന്നത് നേതൃത്വം എടുത്ത തീരുമാനങ്ങള്‍; വിവാദങ്ങളില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍

കോണ്‍ഗ്രസിനുള്ളില്‍ തനിക്ക് പ്രത്യേക ഗ്രൂപ്പ് എന്നത് ഭാവനാസൃഷ്ടി മാത്രമാണെന്ന് കെ സി വേണുഗോപാല്‍
കെസി വേണുഗോപാല്‍/ഫയല്‍
കെസി വേണുഗോപാല്‍/ഫയല്‍

കണ്ണൂര്‍: കോണ്‍ഗ്രസിനുള്ളില്‍ തനിക്ക് പ്രത്യേക ഗ്രൂപ്പ് എന്നത് ഭാവനാസൃഷ്ടി മാത്രമാണെന്ന് കെ സി വേണുഗോപാല്‍. വഹിക്കാവുന്ന പരമോന്നത പദവിയിലാണ് പാര്‍ട്ടി തന്നെ ഇരുത്തിയിരിക്കുന്നത്. തന്റെ ഗ്രൂപ്പ് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് അപ്പുറം ഒന്നുമില്ല. നേതൃത്വം എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നിട്ടില്ല എന്നും അവര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതെല്ലാം രമ്യമായി പരിഗണിക്കുന്ന പാര്‍ട്ടിയാണ്. എല്ലാവരും ഒരുമിച്ചു പോകുന്ന സാഹചര്യം കേരളത്തിലുണ്ടാകും എന്നതില്‍ സംശയം വേണ്ട. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പോലൊരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ തല്ലിക്കൊല്ലുന്ന പാര്‍ട്ടിയല്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകങ്ങളാണ്. എല്ലാവരുമായും ചര്‍ച്ച നടത്താന്‍ ഒരുമടിയുമില്ല- കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തനം പുതിയതായി തുടങ്ങിയ ആളല്ലല്ലോ. അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് തീരുമാനമെടുക്കുമെന്നും പുനസംഘടനയെക്കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍ മറുപടി നല്‍കി. 

ഉമ്മന്‍ചാണ്ടിക്ക് മാനസ്സിക വിഷമം ഉണ്ടാക്കുന്ന ഒരുകാര്യവും ചെയ്യാന്‍ തങ്ങളാരും തയ്യാറാകില്ല. മുഖ്യ പരിഗണന കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com