വാക്‌സിന്‍ എടുക്കില്ല, ആര്‍ടി പിസിആര്‍ പറ്റില്ല; ഹൈക്കോടതിയില്‍ ഹര്‍ജി, സര്‍ക്കാര്‍ നിലപാട് അറിയിക്കണം

വാക്‌സിന്‍ എടുക്കില്ല, ആര്‍ടി പിസിആര്‍ പറ്റില്ല; ഹൈക്കോടതിയില്‍ ഹര്‍ജി, സര്‍ക്കാര്‍ നിലപാട് അറിയിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതിന് എതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാരനായ വി ലാലുവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ തയാറല്ലാത്തയാളാണ് താനെന്നും ലാലു അറിയിച്ചു.

കടകളിലും ഓഫിസുകളിലും പ്രവേശിക്കാന്‍ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. വാക്‌സിന്‍ എടുത്താലും മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ മുന്‍കരുതല്‍ വേണമെന്നിരിക്കെ വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നാണ് ലാലുവിന്റെ തീരുമാനം. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് വരുന്നുണ്ട്. വാക്‌സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമായും പറയുന്നില്ലെന്നും ലാലു ചൂണ്ടിക്കാട്ടുന്നു.

ഹോട്ടല്‍ ജീവനക്കാരനായ തനിക്ക് ജോലിക്കു പോവാന്‍ ഇതിനകം നാലു തവണ ആര്‍ടി പിസിആര്‍ എടുക്കേണ്ടി വന്നുവെന്ന് ലാലു പറയുന്നു. അതേസമയം ഹോട്ടല്‍ ജീവനക്കാരന്‍ ആയതിനാല്‍ വാക്‌സിന്‍ എടുക്കുകയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയോ ചെയ്യണമെന്ന നിബന്ധനയില്‍ ഇളവു നല്‍കാനാവില്ലെന്നാണ് കെടിഡിസിയുടെ നിലപാട്. ഹോട്ടല്‍ ബയോ ബബിള്‍ മേഖലയാണെന്നും കെടിഡിസി ചൂണ്ടിക്കാട്ടുന്നു. 

ഹര്‍ജിയില്‍ ഇന്നു നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com