പൊലീസ് നായ അടുപ്പുതറയില്‍ ഇരുന്നത് മീന്‍ തല കണ്ടിട്ടെന്ന് പറഞ്ഞു; സിന്ധുവിന്റെ മകന്റെ മൊഴി ഗൗരവത്തിലെടുത്തില്ല ; പണിക്കന്‍കുടി കൊലപാതകത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍

ആദ്യസമയത്ത് തന്നെ പൊലീസ് കുറച്ചുകൂടി കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു
കൊല്ലപ്പെട്ട സിന്ധു
കൊല്ലപ്പെട്ട സിന്ധു

അടിമാലി : അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന്  പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട സിന്ധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.  ആദ്യസമയത്ത് തന്നെ പൊലീസ് കുറച്ചുകൂടി കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുക്കള തറ പുതുതായി പണിതതാണെന്ന മകന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും സഹോദരിയുടെ മകന്‍ പറഞ്ഞു.  

അടുക്കള പുതുക്കി പണിതതാണെന്ന് സിന്ധുവിന്റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തറയില്‍ മണ്ണ് മാറ്റിയ നിലയില്‍ കണ്ടുവെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല. പൊലീസ് നായ വന്ന് അടുക്കളത്തറയില്‍ ഇരുന്നപ്പോള്‍, മീന്‍തല കണ്ടിട്ടാകും എന്നാണ് പൊലീസുകാര്‍ പറഞ്ഞത്. ബിനോയിയെ സംശയമുണ്ടെന്ന് പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

സംശയം തോന്നി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബിനോയിയുടെ വീടിന്റെ  അടുക്കള കുഴിച്ചുനോക്കിയപ്പോഴാണ് യുവതിയുടെ കൈ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. മൃതദേഹം സ്ത്രീയുടേതാണെന്ന് ഉറപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതോടെ എങ്ങനെയാണ് മരണമെന്ന് വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.  ഇത് സിന്ധുവിന്റേതാണെന്ന് ഉറപ്പിക്കാനായി ശാസ്ത്രീയ പരിശോധനയും നടത്തും. 

കഴിഞ്ഞമാസം 12 -ാം തീയതിയാണ് 45 കാരിയായ സിന്ധുവിനെ കാണാതാകുന്നത്. തുടര്‍ന്ന് യുവതിയെ കാണാതായ വിവരം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രതിയെന്ന് സംശയിക്കുന്ന അയല്‍വാസി ബിനോയി 16-ാം തീയതിയോടെയാണ് ഇവിടെ നിന്നും കടന്നുകളഞ്ഞത്. 

പ്രതി ബിനോയി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ബിനോയി അടുത്തിടെ, തൃശൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹം കണ്ട വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചാകും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com