ആടുകളുടെ സാംപിള്‍ പരിശോധിക്കും; കൂടുതല്‍ പേര്‍ക്കു രോഗലക്ഷണം; സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍

കോഴിക്കോട് പന്ത്രണ്ടുകാരന്‍ നിപ പിടിപെട്ടു മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് തീവ്രശ്രമം തുടങ്ങി
നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു സംസ്‌കരിക്കാനെത്തിച്ചപ്പോള്‍/എക്‌സ്പ്രസ്‌
നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു സംസ്‌കരിക്കാനെത്തിച്ചപ്പോള്‍/എക്‌സ്പ്രസ്‌

കോഴിക്കോട്: കോഴിക്കോട് പന്ത്രണ്ടുകാരന്‍ നിപ പിടിപെട്ടു മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് തീവ്രശ്രമം തുടങ്ങി. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു. പ്രദേശത്തെ വവ്വാലുകളില്‍നിന്നും കാട്ടുപന്നികള്‍ ഉണ്ടെങ്കില്‍ അവയില്‍നിന്നും സാംപിളുകള്‍ ശേഖരിക്കും. ഇവ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ടു പേര്‍ക്കു പനിയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെടുന്നു. ഇവര്‍ ഉള്‍പ്പെടെ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ 63 പേരെക്കൂടി ഉള്‍പ്പെടുത്തി. ആകെ 251 പേരാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ 32 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 

അതേസമയം സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ നിഗമനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തും. 

കുട്ടി നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നില ഗുരുതരമാകുകയും മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. കുട്ടിക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ മറ്റാരില്‍ നിന്നെങ്കിലും പകര്‍ന്നതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്കായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com