ലൈംഗിക അധിക്ഷേപം : ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു
പി കെ നവാസ് / ഫെയ്സ്ബുക്ക്
പി കെ നവാസ് / ഫെയ്സ്ബുക്ക്

കൊച്ചി : ലൈംഗിക അധിക്ഷേപവുമായി ബന്ധപ്പെട്ട് ഹരിത നല്‍കിയ പരാതിയില്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. മൊഴിയെടുക്കുന്നതിനായി നവാസിനോട് ഹാജരാകാന്‍ ചെങ്ങമനാട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ( ഐപിസി 354 (എ) ചുമത്തിയിട്ടുള്ളത്. 

ഹരിത'യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന് പൊലീസ് നോട്ടിസ് അയച്ചിരുന്നു. ഹരിത നേതാക്കളെ സംസ്ഥാന പ്രസിഡന്റ് അപമാനിച്ച ജൂണ്‍ 22 ലെ യോഗത്തിലെ മിനിറ്റ്‌സ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലത്തീഫ് തുറയൂരിന് നോട്ടിസ് അയച്ചത്. 

ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി പി കെ നവാസ്, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങിയവര്‍ക്കെതിരെ ഹരിതയിലെ പത്തോളം വനിതാ നേതാക്കള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി വനിതാ കമ്മീഷന്‍ പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. 

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. മലപ്പുറത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ നിന്നും പിന്നോട്ടു പോകില്ലെന്ന് ഹരിത നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com