മയ്യനാട് ബാങ്ക് ക്രമക്കേട്: ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കും; അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 03:22 PM  |  

Last Updated: 16th September 2021 03:22 PM  |   A+A-   |  

mayyanad bank scam

മയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്, ടെലിവിഷന്‍ ചിത്രം

 

കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ക്രമക്കേടില്‍ മുന്‍ ജീവനക്കാര്‍ക്കുള്ള പങ്കും അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.

മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഗുരുതര സാമ്പത്തിക തട്ടിപ്പുകളെന്നാണ് പരാതി. ബാങ്ക് സെക്രട്ടറി  രാധാകൃഷ്ണന്‍ ബിനാമികളുടെ പേരില്‍ ഒരു കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കുകയായിരുന്നു.

വെറും അഞ്ചുലക്ഷം രൂപയ്ക്ക് രാധാകൃഷ്ണന്‍ വാങ്ങിയ ഭൂമി ഭാര്യയുടെയും മരുമകനായ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെയും പേരിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ചുലക്ഷം രൂപയുടെ ഭൂമി ഈട് വച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്റെയും പേരില്‍ വായ്പ നല്‍കുകയായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കേ തന്നെ മറ്റ് നാലു ബന്ധുക്കളുടെ പേരില്‍ 40 ലക്ഷം രൂപ കൂടി രാധാകൃഷ്ണന്‍ സെക്രട്ടറിയായ ബാങ്കില്‍ നിന്ന് വായ്പ നല്‍കി. വായ്പാ തുക രാധാകൃഷ്ണന്റെ ബന്ധുവായ സുനില്‍ കുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും പിന്നീട് ഈ തുക രാധാകൃഷ്ണന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെയും തെളിവ് സഹിതമാണ് പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.