ആശാവര്‍ക്കറുടെ പരാതിയില്‍ പൊലീസ് താക്കീത് ചെയ്ത് വിട്ടയാള്‍ മരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 07:03 AM  |  

Last Updated: 16th September 2021 07:03 AM  |   A+A-   |  

Shop owner commits suicide

പ്രതീകാത്മക ചിത്രം


പെരുമ്പാവൂർ: പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ. വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റി മണപ്പറമ്പ് മാലിലെ എഎം രമേശ്(40)നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

വെങ്ങോല തേക്കേമലയിൽ പറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശാവർക്കറോട് മോശമായി സംസാരിച്ചുവെന്ന പരാതിയിലാണ് രമേശിനെ പൊലീസ് താക്കീത് ചെയ്തത്.  

രമേശിൻറെ കുടുംബാഗങ്ങൾക്ക് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു. അതിനെ തുടർന്ന് രമേശ് ക്വാറൻറീനിലായിരുന്നു. അതിനിടയിൽ വാക്സിനേഷൻ സംബന്ധിച്ച് സ്ഥലത്തെ ആശാവർക്കറുമായി തർക്കം ഉണ്ടായി. 

ഇതേ തുടർന്ന് ആശാവർക്കർ നൽകിയ പരാതിയിൽ ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറായും തെങ്ങുകയറ്റ തൊഴിലാളിയായുമാണ് ഇയാൾ ഉപജീവനം നടത്തിയിരുന്നത്. ഭാര്യയും രണ്ട് മക്കളും ഉണ്ട്.