കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന് അനുമതി വേണം; സാഹിത്യസൃഷ്ടി മുന്‍കൂട്ടി കാണിക്കണം; വിവാദ ഉത്തരവുമായി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 02:18 PM  |  

Last Updated: 17th September 2021 02:18 PM  |   A+A-   |  

Secretariat

തിരുവനന്തപുരം സെക്രട്ടേറിയറ്റ്‌/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ജീവനക്കാര്‍ കലാ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതിവേണമെന്നും അതിനായുള്ള അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ്.  സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശേധിച്ചാകണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്‌. ഈ അപേക്ഷകള്‍ യഥാവിധി പരിശോധിക്കാതെ വിവിധ ഓഫീസുകളില്‍ നിന്നും സമര്‍പ്പിക്കുന്നതിനാല്‍ പല അപേക്ഷകളും മടക്കിനല്‍കേണ്ട സാഹചര്യവും കാലതാമസവും നേരിടുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍

അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അഡ്രസ് ചെയ്യേണ്ടതാണ്

അപേക്ഷയോടൊപ്പം പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്

അപേക്ഷകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം മാത്രമെ സമര്‍പ്പിക്കാന്‍ പാടുള്ളു

അപേക്ഷ വിശദമായ പരിശോധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമായ ശുപാര്‍ശ ചെയ്യേണ്ടതാണ്

കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രവര്‍ത്തനമേഖല വ്യക്തമാക്കേണ്ടതാണ്

സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ആയതിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതും സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്

അനുമതി ലഭിച്ച ശേഷം മാത്രമെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധികരിക്കാന്‍ പാടുള്ളു