നഗരങ്ങളില്‍ ഇനി കീശ ചോരാതെ താമസിക്കാം; സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 07:56 AM  |  

Last Updated: 19th September 2021 07:56 AM  |   A+A-   |  

affordable rental-housing complexes

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  നഗര പ്രദേശങ്ങളിലെത്തുന്ന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസത്തിന് ഇനി അലയേണ്ടിവരില്ല. ചെറിയ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ് പദ്ധതി (എആര്‍എച്ച്സി) മന്ത്രി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു.

പിഎംഎവൈ (നഗരം)യുടെ ഉപ പദ്ധതിയായ എആര്‍എച്ച്സി കുടുംബശ്രീ മുഖേന കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് നടപ്പാക്കുക. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തണം.

സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വന്തം സ്ഥലത്ത് ഭവനസമുച്ചയം നിര്‍മിക്കാം. സര്‍ക്കാരിന്റെയോ നഗരസഭയുടെയോ ഭൂമി പാട്ടത്തിന് നല്‍കിയും കെട്ടിടം ഒരുക്കാം. ലാഭത്തിന് വരുമാന നികുതി നല്‍കണ്ട. ജിഎസ്ടിയുമില്ല. പദ്ധതിക്കായി കുറഞ്ഞ നിരക്കില്‍ വായ്പയും ലഭിക്കും.

അതിഥിത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ദീര്‍ഘകാലത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്കായാണ് പദ്ധതി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, വനിതകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.