വാല് മാറിപ്പോയി! പാമ്പെന്ന് കരുതി രാജവെമ്പാല കടിച്ചത് ഉടുമ്പിനെ, പിന്നെ പൊരിഞ്ഞ പോരാട്ടം 

ഭൂതത്താൻകെട്ടിന് സമീപം കരിമ്പാനി വനത്തിലെ റോഡിലാണ് ഈ അപൂർവ്വ ഏറ്റുമുട്ടൽ അരങ്ങേറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

15 അടിയോളം നീളമുള്ള രാജവെമ്പാല, സാമാന്യം വലുപ്പമുള്ള ഉടുമ്പ്, ഇരുവരും തമ്മിലുള്ള ഉദ്വേഗജനകമായ ഏറ്റുമുട്ടലിനാണ് ഇന്നലെ ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകർ സാക്ഷികളായത്. ഇരയാണെന്നോർത്ത് രാജവെമ്പാല ഉടുമ്പിൻവാലിൽ കടിച്ചതാണ് പൊല്ലാപ്പായത്. കടിയേറ്റ് കലിപൂണ്ട് ഉടുമ്പ് തിരിച്ച് കടിച്ചതോടെ ഏറ്റുമുട്ടൽ തുടങ്ങി. ഭൂതത്താൻകെട്ടിന് സമീപം കരിമ്പാനി വനത്തിലെ റോഡിലാണ് ഈ അപൂർവ്വ ഏറ്റുമുട്ടൽ അരങ്ങേറിയത്. 

മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ഉടുമ്പിന്റെ വാൽ കണ്ട് പാമ്പാണെന്ന് കരുതിയാവും കടിച്ചത്. കടിവിട്ടോടാൻ ഉടുമ്പ് ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഇതോടെയാണ് ഉടുമ്പ് തിരിച്ചുകടിച്ചത്. പത്തു മിനിറ്റോളം ഈ കടിപിടി തുടർന്നു. ഒടുവിൽ കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഉടുമ്പ് പിടിവിട്ടതോടെ രാജവെമ്പാലയും കടിവിട്ട് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.

തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേൽക്കാതിരുന്നതെന്ന് വനപാലകർ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com