'നര്‍ക്കോട്ടിക് ജിഹാദ്'; കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സമുദായ നേതാക്കളുടെ യോഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 10:08 AM  |  

Last Updated: 20th September 2021 10:09 AM  |   A+A-   |  

bishop joseph kallarangad

പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്

 

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ഇന്ന് സമുദായ നേതാക്കളുടെ സമാധാനയോഗം ചേരും. തിരുവനന്തപുരത്ത് മൂന്നുമണിക്കാണ് യോഗം. കര്‍ദിനാള്‍ ബെസേലിയാസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവയാണ് യോഗം വിളിച്ചത്. 

ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. നര്‍ക്കോട്ടിക്  ജിഹാദ് വിവാദത്തിലെ സ്പര്‍ധ അവസാനിപ്പിക്കാനാണ് നീക്കം. പാണക്കാട് മുനവ്വറലി ശിബാബ് തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 

വിഷയത്തില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരത്തിന് ഇടപെടും.മതസാമുദായിക നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. 

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെസിബിസി അധ്യക്ഷനും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മത സൗഹാര്‍ദവും സമുദായ സാഹോദര്യവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

സാഹോദര്യം നിലനിര്‍ത്താനായി മതാചാര്യന്‍മാരും രാഷ്ട്രീയ, സമുദായ നേതാക്കളും നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണം. സമൂഹത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും ദുര്‍വ്യാഖ്യാനിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയുള്ള വ്യാഖ്യാനം തെറ്റിദ്ധാരണകള്‍ക്കും ഭിന്നതയ്ക്കും ഇടയാക്കുമെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.