കൂട്ടുകാരൻ കരൾ പകുത്തു നൽകിയിട്ടും രക്ഷിക്കാനായില്ല, സഹോദരനു പിന്നാലെ കൃഷ്ണദാസും യാത്രയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 09:19 AM  |  

Last Updated: 22nd September 2021 10:13 AM  |   A+A-   |  

krishnadas died

പ്രതീകാത്മക ചിത്രം

 

തൃശൂർ; സുഹൃത്ത് പകുത്തു നൽകിയ കരളിനൊ‌പ്പം ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണദാസ്. പക്ഷേ കൂട്ടുകാരന്റെ കരളിനും ഈ 31 കാരനെ രക്ഷിക്കാനായില്ല. കുമരനെല്ലൂർ കൊടയ്ക്കാടത്ത് പുത്തൻവീട്ടിൽ കൃഷ്ണദാസ്(31) ആണ് കരൾ രോ​ഗത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 

ഗൾഫിലെ ജോലിക്കിടയിൽ കഴിഞ്ഞവർഷം അവധിക്കു നാട്ടിൽ വന്നപ്പോഴാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങുന്നത്. രോഗം മൂർഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.

അതിനു ശേഷം മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയവെ കോവിഡ് ബാധിച്ചു. ആ പ്രതിസന്ധിയും മറികടക്കാനായെങ്കിലും ശാരീരികാസ്വസ്ഥതകൾ കാരണം കൃഷ്ണദാസിനെ കഴിഞ്ഞായാഴ്ച വീണ്ടും അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണനുണ്ണിയും ജനുവരിയിൽ മരിച്ചിരുന്നു. പാൻക്രിയാസിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു മരണം.