പ്ലസ് വണ്‍ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ ഏഴിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 07:50 PM  |  

Last Updated: 23rd September 2021 07:50 PM  |   A+A-   |  

plus one admission

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി

 

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബര്‍ 23ന് പുറമേ 25, 29 തീയതികളിലും ഒക്ടോബര്‍ ഒന്നിനുമായി പൂര്‍ത്തീകരിക്കും. തുടര്‍ന്ന്് ഒക്ടോബര്‍ ഏഴിന് രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി അണ്‍ എയ്ഡഡ് മേഖലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും  ഉപരിപഠന യോഗ്യത നേടിയ എല്ലാ കുട്ടികള്‍ക്കും സീറ്റുകള്‍ ഉറപ്പുവരുത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു മന്ത്രി .
 
20% മാര്‍ജിനല്‍ വര്‍ധനവിലൂടെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ട സീറ്റുകള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത് .  മുഖ്യഘട്ട പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച് തുടര്‍നടപടി  തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിച്ച് ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 13ന് പ്രസിദ്ധീകരിച്ച് ഓപ്ഷനുകള്‍ ഉള്‍പ്പെടെ തിരുത്തലുകള്‍ വരുത്തുന്നതിന് സെപ്റ്റംബര്‍ 17 ന്  5  വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകള്‍ ആദ്യ അലോട്ട്‌മെന്റിന് പരിഗണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളില്‍ 2,18,418 അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് നല്‍കിയതായും മന്ത്രി പറഞ്ഞു.