ഗുരുതര തെറ്റൊന്നും ചെയ്തില്ല, ജാഗ്രതക്കുറവ് മാത്രം; പിങ്ക് പൊലീസുകാരിയെ ന്യായീകരിച്ച് റിപ്പോർട്ട്, എട്ട് വയസുകാരിയും കുടുംബവും സമരത്തിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 09:05 AM  |  

Last Updated: 25th September 2021 09:05 AM  |   A+A-   |  

pink_police_kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പരസ്യ വിചാരണ നേരിട്ട മൂന്നാംക്ലാസുകാരിയുടെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പൊലീസുകാരിയുടെ അതിക്രമത്തിന് ഇരയായ ജയചന്ദ്രൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐജി ഹർഷിദാ അട്ടല്ലൂരിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. 

രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

ആറ്റിങ്ങൽ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ, കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38), എട്ടു വയസ്സുള്ള മകൾക്കുമാണ് രജിതയുടെ ഭാഗത്തുനിന്നും മോശമായ അനുഭവമുണ്ടായത്. ഐഎസ്ആർഒയിലേക്കുള്ള കൂറ്റൻ ഉപകരണങ്ങൾ കൊണ്ടു പോകുന്നത് കാണാനാണ് മകൾക്കൊപ്പം ജയചന്ദ്രൻ സ്ഥലത്തെത്തിയത്. പൊലീസ് വാഹനത്തിന് അൽപം അകലെ നിൽക്കുകയായിരുന്ന ജയചന്ദ്രനെ, രജിത അടുത്തേക്ക് വിളിച്ച് വാഹനത്തിൽ നിന്നു ഫോൺ മോഷ്ടിച്ചതായി ആരോപിച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.