മറ്റാരെങ്കിലും പറയുന്നതിന് മറുപടി പറയേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനില്ല; ചിദംബരത്തിന് കെ സുധാകരന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 04:50 PM  |  

Last Updated: 26th September 2021 04:50 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍

 

തിരുവനന്തപുരം: പാലാ ബിഷപ്പിനെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌
പി ചിദംബരത്തിനെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലെ വിഷയത്തെ കുറിച്ച് ആധികാരികമായി പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്. മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്ക്ക് അതിന്റെ പശ്ചാത്തലം കണ്ടെത്തി അന്വേഷിച്ച് മറുപടി പറയേണ്ട ഒരു ഉത്തരവാദിത്വവും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ തീരുമാനമുണ്ട്. അത് കെപിസിസിയുടെ തീരുമാനമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സിറ്റിങ് വേണമെന്ന് ഡിവൈഎഫ്‌ഐ വരെ പറഞ്ഞിട്ടുണ്ട്. അത് സിപിഎമ്മിനകത്തെ യുവജനങ്ങളുടെ അഭിപ്രായമാണ്. ആ അഭിപ്രായത്തെ പോലും പിണറായി മാനിക്കുന്നില്ല. പിണറായിയെ കുറിച്ച് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. തിരുത്തല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിത്തില്‍ അപൂര്‍വമാണ്. തിരുത്താത്ത മുഖ്യമന്ത്രിക്ക് കണ്ടാല്‍ പഠിക്കാത്തവന് കൊണ്ടാല്‍ പഠിക്കുമെന്ന പഴമൊഴി ഉണ്ട് . അത് ഉപമിക്കാനെ പറ്റൂ. ബിഷപ്പിന്റെ പരാമര്‍ശത്തില്‍ അന്ന് പറഞ്ഞ കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു.

വിഎം സുധീരന്റെ കാര്യത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ്അഭിപ്രായവിത്യാസങ്ങള്‍ ഉള്ളവര്‍ക്ക് ഉണ്ടാകാം. ഒരിക്കലും അവരെ ഒറ്റപ്പെടുത്താന്‍ കെപിസിസി നേതൃത്വം ശ്രമിച്ചിട്ടില്ല. വിഎം സുധീരനല്ല ആരെയും മാറ്റി നിര്‍ത്തില്ല. തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കും. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ യുക്തിയാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

ബിഷപ്പിന്റെ പരാമര്‍ശം വെളിവാക്കുന്നത് വികൃതമായ ചിന്താഗതിയെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. ബിഷപ്പിനെ ഹിന്ദു തീവ്ര വലതുപക്ഷം പിന്തുണച്ചതില്‍ അതിശയമില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെടുത്ത നിലപാടില്‍ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു.

ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പേരെടുത്തു പറഞ്ഞുള്ള പി.ചിദംബരത്തിന്റെ വിമര്‍ശനം. ഒരു ബിഷപ്പില്‍ നിന്നും അത്തരം പരാമര്‍ശമുണ്ടായത് വേദനിപ്പിച്ചു. ശരിക്കൊപ്പം നില്‍ക്കുന്നതും തെറ്റിനെതിരെ പോരാടുന്നതുമാണ് ജിഹാദ്. ആധുനിക കാലത്താണ് ഇത് ഹിംസാത്മക പ്രവര്‍ത്തനങ്ങളുടെ പര്യായമായത്.  പ്രണയവും നാര്‍ക്കോട്ടും യഥാര്‍ഥമാണ്. എന്നാല്‍ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണ്. ഹിന്ദു-ക്രിസ്ത്യന്‍- ഇസ്ലാം മതവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കലാണ് ഇതിന്റെ ലക്ഷ്യമെന്നും ചിദംബരം പറഞ്ഞു