'പത്ത് സതീശന്‍മാര്‍ വിചാരിച്ചാലും നടക്കില്ല';രാജിയിലുറച്ച് സുധീരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 01:30 PM  |  

Last Updated: 26th September 2021 01:30 PM  |   A+A-   |  

satheesan-sudheeran

വി എം സുധീരന്‍, വി ഡി സതീശന്‍


തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച തീരുമാനം വി എം സുധീരന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധീരനുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വി എം സുധീരന്‍ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കും. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ അത്ര എളുപ്പമല്ല. രാജി പിന്‍വലിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കാന്‍ പോയതല്ല. കാര്യങ്ങള്‍ അറിയിക്കുന്നതില്‍ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അദ്ദേഹത്തോട് പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കുക എന്നത് തന്റെ ചുമതലയാണെന്നും സതീശന്‍ പറഞ്ഞു. 

സംഘടനാപരമായ കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം എടുത്ത തീരുമാനത്തില്‍ നിന്ന് മാറ്റാന്‍ പത്ത് സതീശന്‍മാര്‍ വിചാരിച്ചാലും നടക്കില്ല എന്നും സതീശന്‍ പറഞ്ഞു. 

അതേസമയം, പുനസംഘടന അടക്കമുള്ള വിഷയങ്ങളില്‍ ഒരു ചര്‍ച്ചയും നടക്കാത്തതില്‍ സുധീരന്‍ കടുത്ത അതൃപ്തി അറിയിച്ചു എന്നാണ് സൂചന.പുതിയ നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയുണ്ടായിട്ടും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്താനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് ചര്‍ച്ചകള്‍ നടത്താത്തിന്റെ പേരില്‍ രാജിയിലേക്ക് നീങ്ങിയത്. ഹൈക്കമാന്‍ഡ് തന്റെ നിലപാടുകള്‍ കണക്കിലെടുക്കുന്നില്ലെന്നും സുധീരന്‍ പരാതിപ്പെട്ടെന്നാണ് വിവരം.