ഓരോ കോണിലും സിസി ടിവി ക്യാമറകള്‍; സുരക്ഷയ്ക്ക് സ്വകാര്യ സെക്യൂരിറ്റി;  കാവല്‍ നായ്ക്കള്‍; നീഗൂഢതകള്‍ നിറഞ്ഞ് മോന്‍സന്റെ 'കൊട്ടാരം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 04:02 PM  |  

Last Updated: 27th September 2021 04:02 PM  |   A+A-   |  

More revelations against Monson

മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 


കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട് നിഗൂഢതകള്‍ നിറഞ്ഞത്. കലൂര്‍ ആസാദ് റോഡിലാണ് മോന്‍സന്‍ മാവുങ്കലിന്റെ കൊട്ടാര സമാനമായ വീട്. വലിയ ഗേറ്റും ചുറ്റും നിരവധി സിസിടിവി ക്യാമറകളും വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഗേറ്റില്‍ ഇയാള്‍ ഏതൊക്കെ ചുമതലകള്‍ വഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളും ഉണ്ട്. ഈ വീട് കേന്ദ്രീകരിച്ച് പുരാവസ്തുകേന്ദ്രം നടത്തുകയായിരുന്നു ഇയാള്‍.

തൊഴില്‍പരമായി മെഡിക്കല്‍ ഡോക്ടറാണെന്നും വിമാനയാത്രയില്‍ പരിചയപ്പെട്ട മൈസൂര്‍ രാജാവ് നരസിംഹ വൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖര രംഗത്തേക്കു തന്നെ എത്തിച്ചതെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ദിവസവും നിരവധി ഉന്നതരാണ് ഈ വീട്ടില്‍ ആഢംബര വാഹനങ്ങളില്‍ വന്നുപോകാറുണ്ടായിരുന്നത്.  ആഡംബര വാഹനങ്ങള്‍, പൊലീസ് വാഹനങ്ങള്‍ തുടങ്ങിയവ വന്നുപോകാറുണ്ടെന്നും ആരാണെന്നോ എന്താണെന്നോ തങ്ങള്‍ക്ക് അറിയില്ലെന്നും സമീപ വാസികള്‍ പറയുന്നു. തന്റെ പൂരാവസ്തുകേന്ദ്രത്തിലെ പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിന് രൂപ വില വരുന്നതുമാണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത 30 വെള്ളിക്കാശ് , മോശയുടെ അംശ വടി, ടിപ്പുസുല്‍ത്താന്റെ സിംഹാസനം അങ്ങനെ നിരവധി അതിപുരാതനമായ കോടിക്കണക്കിന് വിലവരുന്ന വസ്തുക്കളാണ് ഇവിടെയുള്ളതെന്നും രാജ കുടുംബങ്ങളുമായി അഭേദ്യമായ ബന്ധമാണ് ഇയാള്‍ക്കുള്ളതെന്നുമടക്കമാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാള്‍ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

സംസ്ഥാനത്തെ പല പ്രമുഖരേയും കലൂരിലെ ഈ വീട്ടിലേക്ക് വിളിച്ചു വരുത്തി വിരുന്ന നല്‍കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അതേസമയം ഇയാളുടെ അറസ്റ്റിന് പിന്നാലെ സിനിമ മേഖലയിലും പൊലീസ് ഉന്നതരുമായുമുള്ള ബന്ധങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഈ ഉന്നത ബന്ധം മറയാക്കിയാണ് മോന്‍സന്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്.

വിദേശത്തു നിന്നു ബാങ്കില്‍ എത്തിയ 2.62 ലക്ഷം കോടി രൂപ ഫെമ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നു പറഞ്ഞാണു പ്രതി പരാതിക്കാരെ വലയില്‍ വീഴ്ത്തിയത്. ഈ പണം തിരികെ വാങ്ങാനുള്ള ആവശ്യത്തിനായാണു പരാതിക്കാരില്‍ നിന്നു പണം കൈപ്പറ്റിയത്. 

2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവില്‍ 6 പേരില്‍ നിന്നായി 10 കോടി രൂപയാണു മോന്‍സണ്‍ മാവുങ്കല്‍ കൈപ്പറ്റിയെന്നു പരാതിയില്‍ പറയുന്നു. 25 വര്‍ഷമായി ആന്റിക്, ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നാണു പറഞ്ഞിരുന്നത്. 

പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗം തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിക്കുന്നുണ്ടെന്നും പറഞ്ഞു.  പ്രധാനമന്ത്രിയുമായി വരെ കൂടിക്കാഴ്ച നടത്തിയെന്നു പരാതിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.