'പുരാവസ്തു പാര്‍ട്ടി'യുടെ പുതിയ പ്രസിഡന്റും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പോയി; ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്ന് കെ സുരേന്ദ്രന്‍

തട്ടിപ്പുകാര്‍ തടിച്ചുകൊഴുക്കുന്നത് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും തണലില്‍ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മോന്‍സന്റെ തട്ടിപ്പില്‍ ഉന്നതരുടെ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

മോദി അമേരിക്കയില്‍ പോയിട്ട് രാജ്യത്ത് നിന്ന് അന്യാധീനപ്പെട്ട പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍  കോടികണക്കിന് രൂപയുടെ പുരാവസ്തു തട്ടിപ്പാണ് നടത്തുന്നത്. ബിജെപിക്കാര്‍ ഒഴികെ എല്ലാവരും അവിടെ പോയിട്ടുണ്ട്. ഈ തട്ടിപ്പ് കേവലം ഒരുവ്യക്തി നടത്തിയ തട്ടിപ്പില്ല. സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ഓരോ ആഴ്ചയും ഓരോ തട്ടിപ്പാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരും അടങ്ങിയ കേസ് കേരളാ പൊലീസ് അന്വേഷിച്ചാല്‍ ശരിയാകുമോ?. നേരത്തെ ഇന്റലിജന്‍സ് ഇയാള്‍ തട്ടിപ്പുകാരനാണെന്നും പറഞ്ഞിട്ടും മുഖ്യമന്ത്രി എന്തേ അവഗണിച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പുരാവസ്തുപാര്‍ട്ടിയുടെ പുതിയ പ്രസിഡന്റും സൗന്ദര്യം വര്‍ധിപ്പാക്കാനായി 15 ദിവസം അവിടെ പോയി കിടന്നു. സുധാകരനെ പോലെ ഇടതുപക്ഷത്തെ എത്രപേര്‍ക്ക്  ഈ തട്ടിപ്പുകാരനുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ ചോദിച്ചു. കേരളം നമ്പര്‍ വണ്‍ ആണെന്നാണ് അവകാശവാദം. എല്ലാ തട്ടിപ്പുകളും നടക്കുന്നത് കേരളത്തിലാണ്. തട്ടിപ്പുകാര്‍ തടിച്ചുകൊഴുക്കുന്നത് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും തണലിലാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com