സ്‌കൂള്‍ തുറക്കല്‍ : വിദ്യാഭ്യാസ- ഗതാഗത മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് ; കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസുകള്‍ വേണമെന്ന് ആവശ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 07:23 AM  |  

Last Updated: 28th September 2021 07:23 AM  |   A+A-   |  

students

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയും ഗതാഗതമന്ത്രിയും ചര്‍ച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചര്‍ച്ച. സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗതസൗകര്യം ഒരുക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച. 

ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. കെ എസ് ആര്‍ ടി സി ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. 

ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ലാസും തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. 

അതിനാല്‍ സ്‌കൂള്‍ ബസുകള്‍ മാത്രം പോരാത്ത സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സ്‌കൂളുകള്‍ കെ എസ് ആര്‍ ടി  സിയുടെ സഹായവും തേടിയിട്ടുള്ളത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.