'ഈ ദുരിത കാലം സ്വയം ശാക്തീകരിക്കുവാനുള്ള അവസരം'- അമൃതാനന്ദമയി ദേവി; 68ാം ജന്മദിനം പ്രാർത്ഥനാ യജ്ഞമായി ആചരിച്ചു (വീഡിയോ)

'ഈ ദുരിത കാലം സ്വയം ശാക്തീകരിക്കുവാനുള്ള അവസരം'- അമൃതാനന്ദമയി ദേവി; 68ാം ജന്മദിനം പ്രാർത്ഥനാ യജ്ഞമായി ആചരിച്ചു (വീഡിയോ)
അമൃതാനന്ദമയി ദേവി
അമൃതാനന്ദമയി ദേവി

കൊല്ലം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയി ദേവിയുടെ 68ാം ജന്മദിനം  വിശ്വശാന്തിക്കായുള്ള പ്രാർത്ഥനാ യജ്ഞമായി ലോക വ്യാപകമായി ആചരിച്ചു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഭക്തരും, ധ്യാനത്തിനും പ്രാർത്ഥനയ്ക്കും മറ്റു സേവനങ്ങൾക്കുമായി ജന്മദിനം നീക്കിവച്ചു. അമൃതപുരിയിലെ ആശ്രമത്തിൽ നിന്ന് അമൃതാനന്ദമയി ദേവി ജന്മദിന സന്ദേശവും നൽകി. 

അമൃതപുരി ആശ്രമത്തിലെ 504 ബ്രഹ്മചാരി ബ്രഹ്മചാരിണിമാർ പങ്കെടുത്ത വിശ്വശാന്തിയ്ക്കായുള്ള പ്രത്യേക യജ്ഞങ്ങളും ഹോമങ്ങളും  സെപ്റ്റംബർ 25, 26, 27 ദിവസങ്ങളിലായി നടന്നു. അമൃതാനന്ദമയി ദേവിയുടെ ജന്മദിനമായ സെപ്റ്റംബർ 27ന് ഗുരുപാദുക പൂജയും അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ ലോകശാന്തിയ്ക്കായുള്ള പ്രാർത്ഥനകളും നടന്നു.

'നാം ജീവിക്കുന്ന ലോകം എണ്ണമറ്റ മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് ഇവിടെയുള്ള ജീവനുള്ളതും ഇല്ലാത്തതുമായ  ഓരോന്നിനും അനുനിമിഷം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ പരിണാമ ചക്രത്തിന്റെ മറ്റൊരു ദിശയിലാണ് നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിനെ  ഒന്നടങ്കം ബാധിക്കുന്ന ഒരു സംഭവമോ ദുരിതമോ ഉണ്ടാകുമ്പോൾ അത് ലോകരെല്ലാവരുംകൂടി ചെയ്തുകൂട്ടിയ കർമ്മത്തിന്റെ ഫലമായിട്ടു വേണം കാണാൻ. അത്തരം സാഹചര്യങ്ങളിൽ ഒരു രാജ്യത്തിനെയോ  ഒരു പ്രത്യേക വിഭാഗം ജനങ്ങളെ മാത്രമായോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നല്ലതായാലും ചീത്തതായാലും അതിന്റെ ഉത്തരവാദിത്വം നമ്മുടെ എല്ലാവരുടേതുമാണ്. അങ്ങനെ ചിന്തിച്ചാൽ  മാത്രമേ നല്ല നാളേക്ക് തുടക്കം കുറിക്കുവാൻ കഴിയു.' 

​അമൃതാനന്ദമയി ദേവി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം
​അമൃതാനന്ദമയി ദേവി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം

'ഈ അവസരത്തിൽ നമ്മൾ ചെയ്യേണ്ടത്, സ്വയം ശാക്തീകരിക്കുക  എന്നുള്ളതാണ്. അതായത് അവനവനിൽത്തന്നെയുള്ള ആത്മശക്തിയെ, ആത്മവിശ്വാസത്തെ, നിശ്ചയദാർഢ്യത്തെ,  സ്ഥിരോത്സാഹത്തെ ഉണർത്താൻ നമുക്ക് കഴിയണം. ഇപ്പോൾ  നാം കടന്നു പോകുന്ന ഈ കാലഘട്ടത്തെ  അതിനുള്ള സന്ദർഭമായിട്ട് കാണുവാൻ നമ്മൾ ശ്രമിക്കണം. ഓരോരുത്തരും  എല്ലാവർക്കും വേണ്ടി - എല്ലാവരും ഓരോരുത്തർക്കും വേണ്ടി, എന്ന ഭാവം എല്ലാവരും വളർത്തിയെടുക്കണം'-  ജന്മദിന സന്ദേശത്തിൽ അമൃതാനന്ദമയി ദേവി പറഞ്ഞു.

'നമുക്കുള്ളത് പരസ്പരം പങ്കുവയ്ക്കാനുള്ള മനസ് വളർത്തിയെടുക്കണം. നമ്മുടെ ജീവിതം ഒരു യജ്ഞമാക്കി മാറ്റണം. ദുഃഖിക്കുന്ന ജീവരാശിയ്ക്കു വേണ്ടി അർപ്പിയ്ക്കപ്പെട്ട ഒരു യജ്ഞം. ആ യജ്ഞം നമ്മുടെ മനസ്സുകളെ പവിത്രമാക്കും. ആ  പവിത്രതയിലാണ് നമ്മുടെ ജീവിതത്തിന്റെ  വിജയവും ശാന്തിയും ഐശ്വര്യവും കുടികൊള്ളുന്നത്. കരുണാർദ്രമായ കർമ്മവും ഈശ്വരപ്രേമത്തിനു വേണ്ടി മാത്രം കൊതിക്കുന്ന ഭക്തിയുമാണ് നമുക്കിന്ന് ആവശ്യം. തളരുന്നവന് ഒരു പ്രോത്സാഹനം, വേദനിക്കുന്നവന് ഒരു സാന്ത്വനം, ആരോടായാലും സ്‌നേഹപൂർണമായ ഒരു വാക്ക് - അതിനോളം വലിയൊരു തപസ്സില്ല.' 

ഞാൻ എന്ന വികാരത്തിൽനിന്നു നമ്മളെന്ന വിശാലതയിലേക്ക് നാം വളരണം. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും പാലം നമ്മൾ പണിയേണ്ടിയിരിക്കുന്നു. അങ്ങനെ അതിർവരമ്പുകളില്ലാത്ത സ്നേഹത്തിന്റെ ഒരു ലോക കുടുംബം നമുക്ക് സാക്ഷാത്കരിക്കാം'- അമൃതാനന്ദമയി ദേവി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com