കുറുക്കന്റെ ആക്രമണം, വീട്ടമ്മയുടെ കാലിലും തലയിലും കടിയേറ്റു; മൂന്ന് പേര്‍ക്ക് പരിക്ക് 

ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടരയോടെയാണ്‌ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കുറുക്കൻ മനുഷ്യരെ ആക്രമിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോട്ടയം: കുറുക്കന്റെ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. കോട്ടയം സൗത്ത്‌ പാമ്പാടി കല്ലേപ്പുറം ഭാഗത്താണ് കുറുക്കന്റെ ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടരയോടെയാണ്‌ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കുറുക്കൻ മനുഷ്യരെ ആക്രമിച്ചത്.

കല്ലേപ്പുറം മാലത്ത് സജിയുടെ ഭാര്യ ബിൻസിമോൾ കുര്യാക്കോസ്(50), മഞ്ഞാടത്ത്‌ തോമസ് ഫിലിപ്പ് (50) എന്നിവർക്ക് കുറിക്കന്റെ ആക്രമണത്തിൽ പരിക്കേറ്റു. സൗത്ത് പാമ്പാടി വത്തിക്കാൻ കവലയ്ക്കടുത്ത് കോലമ്മാക്കൽ സിബി എന്ന ആൾക്കും രാത്രി എട്ടുമണിയോടെ കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റു. 

കോഴിയെ ഓടിച്ച കുറുക്കനെക്കണ്ട്‌ പട്ടിയാണെന്ന്‌ കരുതി ബിൻസി അതിനെ ഓടിക്കാനായി അടുത്തേക്ക്‌ ചെന്നപ്പോഴായിരുന്നു കുറിക്കന്റെ ആക്രമണം. ബിൻസിയുടെ കാലിൽ കുറുക്കൻ കടിച്ചു. വേദന കൊണ്ട് കുനിഞ്ഞതോടെ തലയിലും രണ്ടുകൈയിലും ദേഹത്തും കടിച്ചു. ബിൻസിയുടെ നിലവിളികേട്ട്‌ അയൽവാസികൾ എത്തിയപ്പോഴേക്കും കുറുക്കൻ ഓടി.

ബിൻസിയുടെ ബഹളം കേട്ട് ഓടിയെത്തുന്നതിന് ഇടയിലാണ് അയൽവാസിയായ തോമസ്‌ ഫിലിപ്പിനെയും കുറുക്കൻ കടിച്ചത്‌. തോമസിന്റെ കാലിലാണ്‌ കടിയേറ്റത്‌. ഉടുത്തിരുന്ന ലുങ്കി എറിഞ്ഞിട്ടാണ്‌ തോമസ് രക്ഷപ്പെട്ടത്‌. നാട്ടുകാർ ഓടിക്കൂടി കല്ലെറിഞ്ഞതോടെ കുറുക്കൻ രക്ഷപെട്ടു. ബിൻസിയുടെ ദേഹത്ത്‌ 20 മുറിവുകളുണ്ട്‌. തോമസിന്റെ കാലിൽ നാലിടത്താണ്‌ മുറിവ്‌. ഈ ഭാഗത്തെ റബ്ബർത്തോട്ടമാണ്‌ കുറുക്കന്മാരുടെ താവളം. ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ക്ക് 2000 രൂപയുടെ കുത്തിവയ്പ്പാണ് ഇവര്‍ക്ക് എടുക്കേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com