233 രൂപ വിലയുള്ള മുളകിന് 75; അരി 25, പഞ്ചസാരയ്ക്ക് 22; കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ വന്‍ വിലക്കുറവ്

വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Published on
Updated on

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്.  30 ശതമാനം വരെ കുറഞ്ഞ വിലയിലാണ് അവശ്യ സാധനങ്ങള്‍ സഹകരണ വിപണികളില്‍ ലഭ്യമാക്കിയിട്ടുള്ളത്. എണ്ണൂറോളം വിപണികള്‍ ആരംഭിച്ചത് കൊണ്ടു തന്നെ വീടുകള്‍ക്ക് തൊട്ടടുത്ത് നിന്നും പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങാം. തിരക്കുണ്ടായാല്‍ സമയം നോക്കാതെ അവസാനത്ത ആളിനും സാധനങ്ങള്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി സഹകരണ മന്ത്രി വി എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

178 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും 600 സഹകരണ സംഘങ്ങളുമാണ് വിഷു, ഈസ്റ്റര്‍, റംസാന്‍ വിപണി ആരംഭിച്ചിട്ടുള്ളത്. ഇതിനു പുറമെ കൂടുതല്‍ സ്ഥലങ്ങളില്‍ ആവശ്യം വരുന്നതിന് അനുസരിച്ച് പുതിയ വിപണി തുറക്കാന്‍ സമീപത്തെ സഹകരണ സംഘങ്ങള്‍ക്കും ത്രിവേണി മാര്‍ക്കറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും അധികം സഹകരണ വിപണി പ്രവര്‍ത്തിക്കുന്നത്. 69 സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്ത് 68, കൊല്ലത്ത് 67 എണ്ണം വീതം പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട 48, ആലപ്പുഴ 57, കോട്ടയം 66, ഇടുക്കി 42, തൃശ്ശൂര്‍ 62, പാലക്കാട് 53, മലപ്പുറം 56, കോഴിക്കോട് 66, വയനാട് 18, കണ്ണൂര്‍ 59, കാസര്‍കോട് 47 എന്നിങ്ങനെയാണ് സഹകരണ വിപണികള്‍ പ്രവര്‍ത്തിക്കുന്നത്. 

പൊതു വിപണിയില്‍ കിലോയ്ക്ക് 43.50 രൂപ വില വരുന്ന ജയ, കുറുവ, കുത്തരി തുടങ്ങിയ ഇനം അരികള്‍ 25 രൂപയ്ക്കാണ് സഹകരണ വിപണിയില്‍ നല്‍കുന്നത്. ഒരാള്‍ക്ക് അഞ്ച് കിലോ അരി ഒരു തവണ ലഭിക്കും. ഇതുവഴി 92.50 രൂപ വരെ ലാഭിക്കും. കിലോയ്ക്ക് 30 രൂപയില്‍ അധികമുള്ള പച്ചരി 23 രൂപയ്ക്കും 40 രൂപയുള്ള പഞ്ചസാര 22 രൂപയ്ക്കും ലഭിക്കും. കിലോയ്ക്ക് 233 വിലയുള്ള മുളകിന് 75 രൂപയാണ് സഹകരണ വിപണിയിലെ വില. ഏറ്റവും കൂടുതല്‍ വിലക്കുറവും മുളകിനാണ്. കിലോയ്ക്ക് 144 രൂപയുടെ കുറവാണ് മുളകിനുള്ളത്. കിലോയ്ക്ക് 111 രൂപയുള്ള തുവര പരിപ്പ് 46 രൂപ കുറവില്‍ 65 രൂപയ്ക്ക് ലഭിക്കും. 105 രൂപയ്ക്കുള്ള പയറിന് 24 രൂപയും 69 രൂപയുടെ കടലയ്ക്ക് 43 രൂപയും 103 രൂപയുള്ള ഉഴുന്നിന് 66 രൂപയും നല്‍കിയാല്‍ മതിയാകും. 144 രൂപയുള്ള മല്ലിക്ക് സഹകരണ വിപണി വില 79 രൂപയാണ്. വെളിച്ചെണ്ണയ്ക്കാകട്ടെ അരക്കിലോ പായ്ക്കറ്റിന് 82 രൂപയാണ് നിരക്ക്. 

റംസാന്‍ വിപണിയില്‍ ഡ്രൈ ഫ്രൂട്ട്സിന്റെ വിപുലമായ ശേഖരം തന്നെയുണ്ട്. വിവിധ നിലവാരത്തിലെ കശുവണ്ടികള്‍, ഈന്തപ്പഴങ്ങള്‍ എന്നിവയ്ക്ക് പുറമെ ഉണക്കിയെടുത്ത ചുവന്ന പ്ലം, കിവി, മാങ്ങ, പൊമേലോ, കൈതച്ചക്ക എന്നിവയും പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വിഷുവിനുള്ള മധുര പലഹാരങ്ങളുടെ സബ്സിഡി പായ്ക്കറ്റുകളും വിപണിയില്‍ ഒരുക്കിയിട്ടുണ്ട്. 235 രൂപയുടെ ബിരിയാണി കിറ്റ് 199 രൂപയ്ക്കും ലഭിക്കും. ഇതിനു പുറമെ കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകളില്‍ ലഭിക്കുന്ന മറ്റ് ഉത്പ്പന്നങ്ങളും സബ്സിഡി നിരക്കില്‍ സഹകരണ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com