വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 17 തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം; വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ ആശങ്കപ്പെടേണ്ട

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണില്‍ വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി 17 വയസ്സു തികഞ്ഞവരില്‍ നിന്നുള്ള അപേക്ഷ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍.  18 വയസ്സ് തികയുമ്പോള്‍ പട്ടികയില്‍ പേര് ചേര്‍ക്കും. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വോട്ടര്‍ പട്ടിക തയാറാക്കുന്നതിലെ നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു സഞ്ജയ് കൗള്‍. വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്താനാണ് ആധാര്‍ ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എല്ലാ വര്‍ഷവും ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 തീയതികളില്‍ 18 വയസ്സാകുന്നവര്‍ക്ക് 17-ാം വയസ്സില്‍ മുന്‍കൂട്ടി അപേക്ഷിക്കാം.

ഇതുവരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി കരട് വോട്ടര്‍ പട്ടിക നവംബര്‍ 9 ന് പ്രസിദ്ധീകരിക്കും. അതിനു ശേഷം 2023 ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 തീയതികളില്‍ 18 പൂര്‍ത്തിയാകുന്നവര്‍ക്ക് മുന്‍കൂറായി അപേക്ഷിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് ഇതുവരെ ആധാറും വോട്ടര്‍ പട്ടികയുമായി 6,485 പേരേ ബന്ധിപ്പിച്ചിട്ടുള്ളൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്‌ലൈന്‍ വഴിയോ ഫോം 6 ബിയില്‍ അപേക്ഷ നല്‍കിയോ ബന്ധിപ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫോം ആറില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണില്‍ വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുക.

വോട്ടര്‍ റജിസ്‌ട്രേഷന്‍ എന്ന മെനുവും ഇലക്ടറല്‍ ഓതന്റിക്കേഷന്‍ ഫോം (ഫോം 6ബി) എന്നതും തിരഞ്ഞെടുക്കുക.

ലെറ്റ് അസ് സ്റ്റാര്‍ട്ട് എന്ന് ഓപ്ഷന്‍ അമര്‍ത്തുക.

മൊബൈല്‍ നമ്പര്‍ നല്‍കുക.

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും സംസ്ഥാനവും രേഖപ്പെടുത്തിയ ശേഷം ഫെച്ച് ഡീറ്റെയില്‍സ് അമര്‍ത്തുക

ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com