'ലിനിക്കുള്ള സ്ഥാനം പറഞ്ഞു മനസിലാക്കിയിട്ടുണ്ട്; എന്റെ മക്കള്‍ക്ക് രണ്ടാനമ്മയായിട്ടല്ല, അമ്മയായി തന്നെ പ്രതിഭയുണ്ടാകും '

എന്റെ കുഞ്ഞുങ്ങളുടെ ഒറ്റപ്പെടല്‍ ഒരമ്മയുടെ  മനസോടെ പ്രതിഭ തിരിച്ചറിഞ്ഞിടത്താണ് ഞങ്ങള്‍ ഒരുമിക്കാനുള്ള തീരുമാനം ഉണ്ടായത്.
നഴ്‌സ് ലിനി-സജീഷ്- പ്രതിഭ
നഴ്‌സ് ലിനി-സജീഷ്- പ്രതിഭ

കോഴിക്കോട്: രോഗീ പരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. സാമൂഹികമാധ്യമത്തിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സജീഷ് ഫെയസ്്ബുക്കില്‍ കുറിച്ചു.

അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു. 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. ലിനിയുടേതുള്‍പ്പെടെ മൂന്ന് കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. 

വിവാഹത്തിന്റെ ആലോചനകള്‍ നടക്കുമ്പോഴേ എന്റെ ജീവിതത്തെ കുറിച്ചും ജീവിതത്തില്‍ ലിനിക്കുള്ള സ്ഥാനത്തെ കുറിച്ചും ഞാന്‍ പ്രതിഭയെ പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്ന് സജീഷ് പറഞ്ഞു. അത് പ്രതിഭയും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്റെ മക്കള്‍ക്ക് രണ്ടാനമ്മയായിട്ടല്ല, അമ്മയായി തന്നെ പ്രതിഭയുണ്ടാകും എന്ന് എനിക്ക് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് സജീഷ് പറഞ്ഞു.

ലിനിയുടെ മരണവും അത് എനിക്കുണ്ടാക്കിയ വേദനയും എത്രത്തോളം വലുതാണെന്ന് ഓരോ മലയാളിയേയും പോലെ പ്രതിഭയ്ക്കും അറിയാം. എന്റെ കുഞ്ഞുങ്ങളുടെ ഒറ്റപ്പെടല്‍ ഒരമ്മയുടെ  മനസോടെ പ്രതിഭ തിരിച്ചറിഞ്ഞിടത്താണ് ഞങ്ങള്‍ ഒരുമിക്കാനുള്ള തീരുമാനം ഉണ്ടായത്. പ്രതിഭ ജീവിതത്തിലേക്ക് വരുമ്പോള്‍ കുഞ്ഞുങ്ങള്‍ എങ്ങനെ  സ്വീകരിക്കുമെന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ആലോചനയുടെ തുടക്കം മുതലേ പുതിയൊരു അമ്മവരികയാണെന്ന സത്യം അവര്‍ മനസിലാക്കി. അമ്മയെന്നാണ് അവര്‍ പ്രതിഭയെ വിളിക്കുന്നത്. എന്റെ കുഞ്ഞുങ്ങളുടെ തിരിച്ചറിവ് ദൈവാനുഗ്രഹമാണെന്ന് സജീഷ് പറഞ്ഞു.

2018 മെയ് മാസം കോഴിക്കോടുണ്ടായ നിപ്പ വ്യാപനത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന ലിനി മരിക്കുന്നത്. മെയ് 21ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. വിദേശത്തായിരുന്ന സജീഷ് ലിനിയുടെ രോഗവാസ്ഥ അറിഞ്ഞ് നാട്ടിലെത്തിയിരുന്നു. ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് താമസം.

ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്സിയില്‍ ക്ലര്‍ക്കാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com