പദ്ധതി നിര്‍ത്തുന്നത് ഒഴികെ മറ്റെല്ലാം അംഗീകരിക്കാം; തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതി; മുഖ്യമന്ത്രി നിയമസഭയില്‍

തുറമുഖം നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാനവില്ല
മുഖ്യമന്ത്രി നിയമസഭയില്‍
മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കണമെന്ന ഒരു വിഭാഗം ആളുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയോട് മൂന്ന് മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കും. അതിനുശേഷം അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഈ പദ്ധതി നിര്‍ത്തിവെക്കുക എന്നതൊഴികെ ബാക്കിയെല്ലാം ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാനമായ പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം. 2023 ഏപ്രിലിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കോമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം അരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അക്രഡിറ്റേറ്റ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. 

നാഷണല്‍ ഗ്രീന്‍ ട്രൈബ്യണല്‍ ഈ പഠനറിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍  ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതി പ്രദേശത്തിന്റെ തെക്കും വടക്കും പത്തുകിലോമീറ്റര്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ ആറുമാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുന്‍പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണം ഉണ്ടായതായി പഠനറിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നുവെന്നവാദം അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായാണ് കാണുന്നത്. ഇതില്‍ ചിലത് ദീര്‍ഘകാലാടിസ്ഥാനത്തിലും ചിലത് അടിയന്തരമായി പരിഗണിക്കേണ്ടതുമാണ്. എന്നാല്‍ കുറച്ചുനാളുകളായി ഒരു വിഭാഗം ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പരിസരത്തും സമരം നടത്തുകയാണ്. അവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തോട് യോജിക്കാന്‍ കഴിയില്ല. 

സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക, തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരെ വാടകനല്‍കി മാറ്റി പാര്‍പ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കുക, തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധത്തനത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായ വിഴിഞ്ഞം നിര്‍മ്മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പ ഠനം നടത്തുക എന്നിവയാണ്. സമരക്കാരുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ചര്‍ച്ചനടത്തിവരികയാണ്. 

തുറമുഖ പദ്ധതികള്‍ക്കായി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. തുറമുഖനിര്‍മ്മാണം തീരശോഷണത്തിന് കാരണമാണെന്ന് കണ്ടെത്തിയിട്ടില്ല. സിആര്‍സെഡ് പരിധിക്കുള്ളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. 

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയോട്  മൂന്ന് മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കും. തുടര്‍ന്ന് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഈ പദ്ധതി നിര്‍ത്തിവെക്കുക എന്നതൊഴികെ ബാക്കിയെല്ലാം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. തുറമുഖം നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാനവില്ല, ഈ ആവശ്യം യുക്തിസഹമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com