റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ മരക്കഷണവും കോണ്‍ക്രീറ്റ് സ്ലാബും
റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയ മരക്കഷണവും കോണ്‍ക്രീറ്റ് സ്ലാബും

വൈക്കത്ത് റെയില്‍വെ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷണങ്ങളും; അപകടം ഒഴിവായത് തലനാരിഴയ്ക്ക്  

ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ കണ്ട് വേഗം കുറച്ചതിനാല്‍ ദുരന്തം ഒഴിവായി


തലയോലപ്പറമ്പ്: റെയില്‍വെ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷണവും. ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ കണ്ട് വേഗം കുറച്ചതിനാല്‍ ദുരന്തം ഒഴിവായി. തീവണ്ടികള്‍ ഇവയ്ക്കു മുകളിലൂടെ കടന്നുപോയി.

വൈക്കം റോഡ് സ്റ്റേഷനും പിറവം റോഡ് സ്റ്റേഷനുമിടയില്‍ പൊതി റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. മരക്കഷണത്തിനും സ്ലാബിനും മുകളിലൂടെ കയറിയ തീവണ്ടികള്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയാണ് യാത്ര തുടര്‍ന്നത്.

അട്ടിമറിശ്രമം അല്ലെന്നും ആരുടെയോ വികൃതി ആയിരിക്കാമെന്നും റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍( സെക്യൂരിറ്റി വിഭാഗം) ഗോപകുമാര്‍ പറഞ്ഞു.

കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന വെരാവല്‍ എക്‌സ്പ്രസാണ് തടിക്കഷണത്തിലൂടെ കയറിയത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് കോണ്‍ക്രീറ്റ് സ്ലാബിലൂടെയും കയറി. വെരാവല്‍ എക്‌സ്പ്രസ്സ് അവിടെത്തന്നെ നിര്‍ത്തി.പാളത്തിലുണ്ടായിരുന്നത് തടിക്കഷണം എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. 

പിന്നീട് കോട്ടയം സ്റ്റേഷനിലും സുരക്ഷാപരിശോധന ഉണ്ടായി. മംഗളൂരു എക്‌സ്പ്രസ് എറണാകുളത്ത് എത്തി സുരക്ഷാ പരിശോധന നടത്തി യാത്ര തുടര്‍ന്നു. വെരാവല്‍ എക്‌സ്പ്രസ്സിലെ ലോക്കോപൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗവും റെയില്‍വേ പൊലീസും തലയോലപ്പറമ്പ് പൊലീസും ഉടന്‍ സ്ഥലത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com