വിനീതയുടെ മാല പിടിച്ചു പറിക്കാ‍ൻ ശ്രമിച്ചു, എതിർത്തപ്പോൾ കുത്തി; 4 പവന്റെ മാല കന്യാകുമാരിയിലെ പണയസ്ഥാപനത്തിൽ നിന്ന് കണ്ടെത്തി 

മാല 90,000 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പൊലീസിനെ അറിയിച്ചത്
കൊല്ലപ്പെട്ട വിനീത, പ്രതി രാജേന്ദ്രൻ
കൊല്ലപ്പെട്ട വിനീത, പ്രതി രാജേന്ദ്രൻ

തിരുവനന്തപുരം: അമ്പലമുക്കിന് സമീപത്തെ ചെടിക്കടയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി തട്ടിയെടുത്ത സ്വർണ്ണമാല കണ്ടെത്തി. കന്യാകുമാരി ജില്ലയിൽ അഞ്ചുഗ്രാമത്തിലെ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെത്തിയത്. വിനീതയുടെ മാല 90,000 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പൊലീസിനെ അറിയിച്ചത്. പ്രതി കൊലപാകത്തിന് ഉപയോ​ഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളുമ‌ടക്കം കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പ്രതി ഒളിവിൽ താമസിച്ച ലോഡ്ജിലെ ജീവനക്കാരനടക്കം രാജേന്ദ്രനെ (49) തിരിച്ചറിഞ്ഞു. തമിഴ്നാട്ടിൽ നാലു കൊലക്കേസുകളിൽ പ്രതിയായ ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. തോവാള വെള്ളമഠം സ്വദേശിയായ ഇയാൾ കഴിഞ്ഞ ഡിസംബർ മുതൽ പേരൂർക്കടയിലെ ഒരു ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു. 

നെടുമങ്ങാട് സ്വദേശി വിനീത വിജയൻ(38) ആണ് അമ്പലമുക്കിലെ ഗ്രീൻടെക് എന്ന സ്ഥാപനത്തിൽ കുത്തേറ്റു മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് വിനീതയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. 

ചെടിച്ചട്ടി വിൽക്കുന്ന സ്ഥലത്തു  നിൽക്കുമ്പോൾ രാജേന്ദ്രൻ വിനീതയുടെ 4 പവന്റെ മാല  പിടിച്ചു പറിക്കാ‍ൻ ശ്രമിച്ചു. എതിർത്തപ്പോൾ കത്തി കൊണ്ടു  കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് തമിഴ്നാട്ടിൽ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. 2017 ൽ ആരുവാമൊഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കവർച്ചയ്ക്കായി കൊലപ്പെടുത്തിയതുൾപ്പെടെ 4 കൊലപാതക കേസുകളിൽ പ്രതിയാണ് രാജേന്ദ്രൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com