ട്വന്റി20നഗറില്‍ പൊതുദര്‍ശനം; ദീപുവിന്റെ സംസ്‌കാരം നാളെ വൈകീട്ട്

വൈകീട്ട് അഞ്ചരയ്ക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് സംസ്‌കരിക്കുക
ട്വന്റി 20 ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
ട്വന്റി 20 ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാരം നാളെ. വൈകീട്ട് അഞ്ചരയ്ക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് സംസ്‌കരിക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ട്വന്റി20നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തസ്രാവത്തെ തുടര്‍ന്ന് ദീപുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്
രാജഗിരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആന്തരികരക്തസ്രാവമുണ്ടായതിനാല്‍  ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കല്‍ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ട്വന്റി 20 പ്രവര്‍ത്തകനായ ദീപുവിനെ മര്‍ദ്ദിച്ചത്. ട്വന്റി 20-യുടെ സജീവ പ്രവര്‍ത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കല്‍ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിക്കുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com