ഏകമകനും ഭർത്താവും മരിച്ചു, ചോറ്റാനിക്കര ദേവിക്ക് 60 സെന്റ് സ്ഥലം എഴുതിവച്ച് ഭക്ത

ഒരു മാസം മുൻപ് ശാന്ത മരിച്ചതോടെ ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം ക്ഷേത്രത്തിന് കൈമാറി
ചോറ്റാനിക്കര ദേവീക്ഷേത്രം / ഫയല്‍ ചിത്രം
ചോറ്റാനിക്കര ദേവീക്ഷേത്രം / ഫയല്‍ ചിത്രം

കൊച്ചി; തന്റെ പേരിലുള്ള 60 സെന്റ് സ്ഥലം ചോറ്റാനിക്കര ദേവിക്ക് കാണിക്കയായി സമര്‍പ്പിച്ച് ഭക്ത.  ചേര്‍ത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണു മരണശേഷം തന്റെ സ്വത്ത് ചോറ്റാനിക്കര ക്ഷേത്രത്തിന് എഴുതിവച്ചത്. ഒരു മാസം മുൻപ് ശാന്ത മരിച്ചതോടെ ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം ക്ഷേത്രത്തിന് കൈമാറി. 

20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സൗജന്യമായി സേവനം ചെയ്ത ഭക്തയായിരുന്നു ശാന്ത. ഏക മകന്‍ മരിച്ചതോടെ ശാന്തയും ഭര്‍ത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറി. പിന്നീട് മുഴുവന്‍ സമയവും ക്ഷേത്ര കാര്യങ്ങളുമായി ജീവിച്ചു. ഭര്‍ത്താവ് മരിച്ചതിന് ശേഷവും ശാന്ത ക്ഷേത്രത്തില്‍ തുടര്‍ന്നു. ശാരീരിക അവശതകള്‍ അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറി. അസുഖബാധിതയായി കിടന്നപ്പോഴാണ് തന്റെ പേരിലുള്ള സ്ഥലം ദേവിക്കു സമര്‍പ്പിക്കാന്‍ വില്‍പത്രം എഴുതിയത്. 

ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വില്‍പത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി. ദേവസ്വം ബോര്‍ഡ് അംഗം വി.കെ. അയ്യപ്പന്‍, കമ്മിഷണര്‍ എന്‍. ജ്യോതി, അസി. കമ്മിഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ എം.ജി. യഹുലദാസ് എന്നിവരും വില്‍പത്രം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com