മടിയില്‍ കയറി പാലുകുടിച്ചു; അകമലയില്‍ ഉഷാറായി പുലിക്കുഞ്ഞ് (വീഡിയോ)

ആദ്യം പാലുകുടിക്കാന്‍ മടികാണിച്ച പുലിക്കുഞ്ഞ്, ഇപ്പോള്‍ പരിചാരകരോട് ഇണങ്ങിയ മട്ടാണ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

തൃശ്ശൂര്‍: പാലക്കാട് ഉമ്മിനിയില്‍ നിന്നും തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെത്തിച്ച പുലിക്കുഞ്ഞ് ഉഷാറായി. അകമലയിലെ വെറ്ററിനറി ക്ലിനിക്കില്‍ പുലിക്കുഞ്ഞിന് പൂര്‍ണ പരിചരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വെറ്ററിനറി സര്‍വകലാശാലയില്‍നിന്ന് പരിശീലനം ലഭിച്ച ഫീല്‍ഡ് അസിസ്റ്റന്റുമാരാണ് പരിചരണ ചുമതലക്കാര്‍. ആദ്യം പാലുകുടിക്കാന്‍ മടികാണിച്ച പുലിക്കുഞ്ഞ്, ഇപ്പോള്‍ പരിചാരകരോട് ഇണങ്ങിയ മട്ടാണ്. 

വനം വെറ്ററിനറി ക്ലിനിക്കിലെ വിദഗ്ധരുടെ പൂര്‍ണ നിരീക്ഷണത്തിലാണ് ഇപ്പോള്‍ പുലിക്കുഞ്ഞുള്ളത്. കരയുമ്പോഴെല്ലാം പാല്‍ കൊടുക്കുന്നുണ്ട്.  പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ മരുന്നൊന്നും നല്‍കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുലിപ്പാല്‍ ലഭ്യമല്ലാത്തത് കാരണം പ്രസവിച്ചതിനുശേഷമുള്ള ആദ്യത്തെ മൂന്നാഴ്ച പുലിക്കുഞ്ഞിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ വേണമെന്നതിനാല്‍ അതീവ കരുതലോടെയാണ്  പരിചരിക്കുന്നത്. 

അകമലയില്‍ പരിചരണത്തിലുള്ള പുലിക്കുഞ്ഞിനെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അമ്മപ്പുലിക്ക് കൊണ്ടുപോകുന്നതിനു സഹായകമായ വിധം കൊണ്ടുവെയ്ക്കാന്‍ വനം - വന്യജീവി വിഭാഗം മേധാവിയുടെ പ്രത്യേക ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. കഴിഞ്ഞ ദിവസം അമ്മപ്പുലി പ്രസവം നടന്ന പാലക്കാട്  ഉമ്മിണിയില്‍ രാത്രി വീണ്ടുമെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

പാലക്കാട് ധോണി ഉമ്മിനി പപ്പാടിയില്‍ ആള്‍താമസമില്ലാത്ത വീടിനുള്ളിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കുഞ്ഞിപ്പുലികളെ വച്ച് തള്ളപ്പുലിയെ പിടിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ എടുക്കാനായി പുലി വരാതിരുന്നതോടെയാണ് സംരക്ഷണം വനം വകുപ്പ് ഏറ്റെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com