മെയില്‍ ഓരോ മണ്ഡലത്തിലും 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന്‍; കെ ഫോണ്‍ അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള കെ ഫോണ്‍ പദ്ധതി അതിവേഗം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ,ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ ,ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള കെ ഫോണ്‍ പദ്ധതി അതിവേഗം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്നും പിണറായി വിജയന്‍ അറിയിച്ചു.

2022 മെയ് മാസത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന്‍ നല്‍കും. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ മൊത്തം  20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവില്‍ 2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കി.മീ പൂര്‍ത്തീകരിച്ചു.34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 11,906 കി.മീ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

375 പോപ്പുകളില്‍ (POP - Points of Presence) 114 എണ്ണം പൂര്‍ത്തീകരിക്കുകയും 216 എണ്ണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. കെഎസ്ഇബി സബ്‌സ്റ്റേഷനുകളില്‍ ആണ് ഇവ സജ്ജീകരിക്കുന്നത്.എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021, ഡിസംബര്‍ 31-നുള്ളില്‍ പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫീസുകള്‍ വരെ സജ്ജമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണില്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com