സിനിമ കാണാതെ അഭിപ്രായം പറയുന്നത് പുതിയ ട്രെന്‍ഡ്; വിമര്‍ശിച്ച് ഹൈക്കോടതി

വാട്ട്‌സ്ആപ്പ് മെസ്സേജ് കണ്ട് അഭിപ്രായപ്രകടനം നടത്തുന്നത് നല്ല രീതിയല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: ചുരുളി സിനിമയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ 90 ശതമാനം പേരും ചിത്രം കണ്ടിരിക്കാനിടയില്ലെന്ന് ഹൈക്കോടതി. കാണാത്തതിനെക്കുറിച്ച് അഭിപ്രായം പറയുന്നതി ഇപ്പോഴൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണെന്ന്, ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു. ചുരുളിയിലെ ഭാഷാ പ്രയോഗത്തിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

ചുരുളിയില്‍ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് പ്രശസ്തിക്കു വേണ്ടിയുള്ള ഹര്‍ജിയാണെന്നും അഭിപ്രായപ്പെട്ടു. ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഒരു കാര്‍ട്ടൂണില്‍ വരെ അങ്ങനെ കണ്ടു. ഇവരൊക്കെ സിനിമ കണ്ടുതന്നെയാണോ അഭിപ്രായം പറയുന്നതെന്ന് അറിയില്ല. 90 ശതമാനം പേരും സിനിമ കാണാതെയാവണം അഭിപ്രായം പറയുന്നത്. സിനിമ കണ്ടു വിമര്‍ശിക്കുന്നതാണെങ്കില്‍ മനസ്സിലാക്കാം- കോടതി പറഞ്ഞു. 

അഭിഭാഷകരും ഭരണഘടനാ 'വിദഗ്ധരും' കോടതി വിധികള്‍ വായിക്കാതെ അതിനെ വിമര്‍ശിക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡ് ആണ്. വാട്ട്‌സ്ആപ്പ് മെസ്സേജ് കണ്ട് അഭിപ്രായപ്രകടനം നടത്തുന്നത് നല്ല രീതിയല്ല. ഇതു തുടര്‍ന്നാല്‍ ഈ വ്യവസ്ഥ തകരും- കോടതി നിരീക്ഷിച്ചു.

ചുരുളിയില്‍ നിയമ ലംഘനം ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് മേധാവി കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവി സമിതിയെ നിയോഗിച്ചിരുന്നു. 

ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചു വേണം കാണാനെന്നാണ് എഡിജിപി കെ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തിയത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേര്‍ത്തുവച്ചു വേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളതെന്നു വ്യക്തമാക്കിയ സമിതി സിനിമയില്‍ നിയമ ലംഘനം ഇല്ലെന്നും നടപടി എടുക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ചുരുളിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ് സിനിമയില്‍. കഥാ സന്ദര്‍ഭത്തിനു യോജിച്ച ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ നിയമ ലംഘനം ഉണ്ടെന്നു കാണാനാവില്ല. ഒടിടി പൊതുവിടം അല്ലെന്നും അതുകൊണ്ടുതന്നെ പൊതു സ്ഥലത്ത് അസഭ്യ പ്രയോഗം നടത്തിയെന്നു വിലയിരുത്താനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com