നമ്പര്‍ 18 പോക്‌സോ കേസ്: റോയ് വയലാറ്റിനും സൈജു തങ്കച്ചനും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മുഖ്യപ്രതികളായ റോയ് വയലാറ്റിനും  സൈജു തങ്കച്ചനും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
റോയ്  വയലാറ്റ്, അഞ്ജലി/ ഫയൽ ചിത്രം
റോയ് വയലാറ്റ്, അഞ്ജലി/ ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മുഖ്യപ്രതികളായ റോയ് വയലാറ്റിനും  സൈജു തങ്കച്ചനും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരുവരും പിന്‍വലിച്ചു. സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിധി. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവ്വമേറിയ കേസാണിത്. ഇരയുടെ രഹസ്യമൊഴിയുള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം കേസില്‍ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ റോയ് വയലാറ്റിന്റെയും  സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി. 

 പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിങ് ആണെന്നായിരുന്നു പ്രതികളുടെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇത് ഹൈക്കോടതി അംഗീകരിച്ചില്ല. 

റോയ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 2021 ഒക്ടോബര്‍ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com