'സ്വകാര്യ കൂടിക്കാഴ്ച'യ്ക്ക് ക്ഷണം, അശ്ലീല ചാറ്റുകള്‍; നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമിച്ചു, വിനോയിയുടെ മൊബൈലില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി

ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്
പിടിയിലായ വിനോയ് ചന്ദ്രൻ/ ടെലിവിഷൻ ദൃശ്യം
പിടിയിലായ വിനോയ് ചന്ദ്രൻ/ ടെലിവിഷൻ ദൃശ്യം

കോട്ടയം: പി എഫ് ലോണ്‍ ലഭിക്കുന്നതിന് അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംഭവത്തില്‍ പിടിയിലായ സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചത്. പ്രതി വിനോയ് നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായുള്ള ചാറ്റുകള്‍ കണ്ടെത്തി. 

ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. നിരവധി അശ്ലീല ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഗവണ്‍മെന്റ് എയിഡഡ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊവിഡന്റ് ഫണ്ട് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാള്‍ മുതലെടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും ഈ പ്രശ്ത്തിന് പരിഹാരം തേടിയാണ് വിനോയിയെ സമീപിച്ചത്. 

പിഎഫില്‍ സമാന പ്രശ്‌നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരില്‍ പലരും ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്റേയും ലൈംഗിക താല്‍പര്യങ്ങള്‍ കാണിച്ചതിന്റേയും ഫോണ്‍ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 

ദുരനുഭവം നേരിട്ട ഒരു അധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തില്‍ പരസ്യമായി പ്രതികരിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിനോയ് പണമിടപാട് നടത്തിയോയെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മനപൂര്‍വ്വം കാലതാമസം വരുത്തിയോ എന്നും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിച്ച വിനോയിയെ വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലില്‍ നിന്ന് പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com