'പണിമുടക്കിയവര്‍ തന്നെ പരിഹരിക്കട്ടെ'; വീണ്ടും യൂണിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി

സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടതില്ല
ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍
ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ വീണ്ടും യൂണിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിക്കാതെ പണിമുടക്കിയവര്‍ തന്നെ പ്രശ്‌നം പരിഹരിക്കണം. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കേണ്ടെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'സമരത്തിലേക്ക് പോയി പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചത് ആരാണ്? അവര്‍  തന്നെ പ്രശ്‌നം പരിഹരിക്കട്ടെ. യൂണിയനകളും മാനേജ്‌മെന്റും കൂടി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം. സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ ഇടപെടും. അല്ലാതെ സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടതില്ല.പണിമുടക്ക് എല്ലാത്തിനും പ്രതിവിധിയാണെന്ന് ധരിക്കേണ്ടതില്ല.'- മന്ത്രി പറഞ്ഞു. 

കഴിഞ്ഞദിവസം, പണിമുടക്കിനെ വിമര്‍ശിച്ച മന്ത്രിക്ക് എതിരെ എഐടിയുസി രംഗത്തുവന്നിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞിരുന്നു. തൊഴിലാളികള്‍ പണിയെടുത്ത് ഏപ്രില്‍ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താല്‍ കൂലി വാങ്ങാന്‍ തൊഴിലാളികള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ലെന്നും കെഎസ്ടിഇയു (എഐടിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് എം. ശിവകുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മെയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആര്‍ടിസി വരുമാനത്തിന്റെ കണക്ക് ഉള്‍പ്പടെ നിരത്തിയാണ് എം ശിവകുമാര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.

മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവമെങ്കിലും കാണിക്കാന്‍ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com