ഒരു പെണ്‍കുട്ടിക്കും ഇനി ഈ ഗതിവരരുത്; വിധിക്ക് പിന്നാലെ പ്രതികരണവുമായി വിസ്മയയുടെ അമ്മ

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍
വിസ്മയയുടെ അമ്മ
വിസ്മയയുടെ അമ്മ


കൊല്ലം: കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍. പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്നു കോടതി വിധി വന്നതിന് പിന്നാലെയായായിരുന്നു പിതാവിന്റെ പ്രതികരണം.

വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. ഒരു പെണ്‍കുട്ടിക്കും വിസ്മയയുടെ ഗതി വരരുതെന്ന് പ്രാര്‍ഥിക്കുന്നു. മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഒരു വര്‍ഷത്തെ അധ്വാനത്തിന് ഫലം ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പറഞ്ഞു. 323, 506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായി.  

സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹിക പീഡനം (498എ) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. 323, 506 കുറ്റങ്ങള്‍ കോടതി പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് 9-ാം ദിവസം വിസ്മയ, അച്ഛന്‍ ത്രിവിക്രമനോട് ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതും കിരണ്‍ അറസ്റ്റിലായതും. കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com