65 കഴിഞ്ഞവർക്ക് ഫ്ലൂ വാക്‌സിൻ; പോളിയോ കുത്തിവയ്പ്പ് പതിനെട്ടാം മാസം, വിദഗ്ധ സമിതി ശുപാർശ

മുഖ്യമന്ത്രിക്കു കൈമാറിയ ശേഷം ഇതിൽ ഏതൊക്കെയാണ് വാക്‌സിൻ നയത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത് വീണ്ടും ചർച്ച ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വികസിത രാജ്യങ്ങളുടെ മാതൃകയിൽ, 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്ലൂ വാക്‌സിൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് പുതിയ വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതുൾപ്പെടെയുള്ള ശുപാർശകൾ ഡോ.ബി ഇക്ബാൽ അധ്യക്ഷനായ സമിതി ആരോഗ്യവകുപ്പിനു കൈമാറി.

മുഖ്യമന്ത്രിക്കു കൈമാറിയ ശേഷം ഇതിൽ ഏതൊക്കെയാണ് വാക്‌സിൻ നയത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത് വീണ്ടും ചർച്ച ചെയ്യും. പുതിയ സാഹചര്യത്തിൽ ശ്വാസകോശ അണുബാധയും ഇൻഫ്ലുവൻസയും കൂടുതലായി കണ്ടുവരുന്നതിനാലാണ് മുതിർന്ന പൗരൻമാർക്ക് ഫ്ലൂ വാക്സിൻ നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. നയം പ്രഖ്യാപിച്ച ശേഷമാകും തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ നിർമാണം തുടങ്ങുക.

ഘട്ടംഘട്ടമായി നടപ്പാക്കേണ്ട കുത്തിവയ്പ്പുകളെക്കുറിച്ചും ശുപാർശയുണ്ട്. മുണ്ടിനീരിന് എംആർ വാക്‌സിനു പകരം എംഎംആർ വാക്‌സിൻ നൽകണം. വില്ലൻചുമ പ്രതിരോധത്തിന് 10 വയസ്സിൽ നൽകുന്ന ടിഡി വാക്‌സിൻ ടിഡാപ് ആക്കണം. പോളിയോ വാക്‌സീൻ കുത്തിവയ്പ് 18ാം മാസം നൽകണം. ഹോട്ടൽ പാചകത്തൊഴിലാളികൾക്കും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും ഹെപ്പറ്റൈറ്റിസ് എ എന്ററിക്ക് ഫീവർ വാക്‌സിൻ നൽകണമെന്നും മൃഗ ചികിത്സകർ, പട്ടികളെ വളർത്തുന്നവർ എന്നിവർക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകണമെന്നും ശുപാർശയുണ്ട്.

പേപ്പട്ടി വിഷബാധ കൂടുതലായി കാണുന്ന പ്രദേശങ്ങളിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകണം. എച്ച് 1 എൻ 1രോഗം കൊണ്ടുള്ള മരണ സാധ്യതകൾ കുറയ്ക്കുന്നതിന് ഗർഭിണികൾക്ക് ഇൻഫ്‌ലുവൻസ വാക്‌സിൻ നൽകണം. സ്‌കൂൾ പ്രവേശന സമയത്ത് എല്ലാ കുട്ടികളുടെയും വാക്‌സിനേഷൻ സ്ഥിതി വിലയിരുത്തണമെന്നും നിർദേശമുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ പരിശോധനാ ചെലവുകളും വാക്‌സിനേഷൻ ചെലവുകളും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തണം. സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം വേണമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com