ഡോ. അച്യതന്‍, അദ്ദേഹത്തിന്റെ കത്ത്
ഡോ. അച്യതന്‍, അദ്ദേഹത്തിന്റെ കത്ത്

'മകന്‍ വരുന്നതുവരെ കാക്കേണ്ട; കുളിപ്പിക്കലും വിളക്ക് വെയ്ക്കലും വേണ്ട', മരണത്തിന് മുന്‍പ് ഡോ. എ അച്യുതന്റെ കത്ത്

മരണശേഷം, തന്റെ മൃതദേഹം എത്രയും വേഗം മെഡിക്കല്‍ കോളജിന് കൈമാറണം എന്നതുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം കത്തായി എഴുതിവച്ചിരുന്നു

കോഴിക്കോട്: തന്റെ നിലപാടുകളില്‍ അണുവിട പിന്നോട്ടുപോകാതെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. എ അച്യുതന്‍ യാത്രയാകുന്നത്. മരണശേഷം, തന്റെ മൃതദേഹം എത്രയും വേഗം മെഡിക്കല്‍ കോളജിന് കൈമാറണം എന്നതുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം കത്തായി എഴുതിവച്ചിരുന്നു. 

നിലത്തിറക്കല്‍, കുളിപ്പിക്കല്‍, വിളക്കുവയ്ക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. 2018 ഡിസംബര്‍ 19നാണ് ഈ കത്ത് തയ്യാറാക്കിയിരിക്കുന്നത്. 

'എന്റെ മരണശേഷം കഴിയും വേഗം ശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൊടുക്കണം. നിലത്തിറക്കല്‍, വിളക്കുവയ്ക്കല്‍, കുളിപ്പിക്കല്‍ എന്നിവ ചെയ്യരുത്, മകന്‍ അരുണ്‍ കാനഡയില്‍ നിന്നും എത്താന്‍ കാക്കരുത്. വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനും അടുപ്പമുള്ള ചിലരൊഴികെ ആരും വീട്ടില്‍ വരേണ്ടതില്ല. ആശുപത്രിയില്‍ വെച്ചാണ് മരണമെങ്കില്‍ ശരീരം വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല. ശരീരദാനത്തിനുള്ള കടലാസുകള്‍ മകള്‍ മഞ്ജുളയുടെ കൈയ്യിലുണ്ട്. ശരീരത്തില്‍ പുഷ്പചക്രം വയ്ക്കുകയോ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്'-കത്തില്‍ പറയുന്നു. 

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഡോ. എ അച്യുതന്‍ അന്തരിച്ചത്. 91 വയസ്സായിരുന്നു. കോഴിക്കോട് നടക്കാവ് ബിലാത്തിക്കുളത്തായിരുന്നു താമസം. വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യില്‍ നിന്ന് ഡോക്ടറേറ്റും നേടിയ അച്യുതന്‍ തൃശൂര്‍, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എഞ്ചിനിയറിങ് കോളജിലും അധ്യാപകനായിരുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ്, കോളജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com