കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചത് 'ഇറ്റാലിയന്‍ പൗരന്മാരല്ല'; പൊലീസ് സംഘം അഹമ്മദാബാദില്‍ നിന്ന് മടങ്ങി 

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചത് ഇറ്റാലിയന്‍ പൗരന്മാരല്ലെന്ന് കേരള പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചത് ഇറ്റാലിയന്‍ പൗരന്മാരല്ലെന്ന് കേരള പൊലീസ്. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് അറസ്റ്റിലായ ഇറ്റാലിയന്‍ സ്വദേശികള്‍ ഇന്ത്യയിലെത്തിയത് സെപ്റ്റംബര്‍ 24 നാണ്. എന്നാല്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചത് മെയ് മാസത്തിലാണ്. ഈ സമയത്ത് നിലവില്‍ അറസ്റ്റിലായവര്‍ ഇന്ത്യയിലെത്തിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് നാലു വിദേശികളാണ് ഗുജറാത്തില്‍ പിടിയിലായത്. റെയില്‍വേ ഗൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. ഇവര്‍ തന്നെയാണ് കൊച്ചിയിലെ പ്രതികളെന്ന സംശയത്തിലാണ് കൊച്ചി പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇറ്റാലിയന്‍ പൗരന്മാരല്ലെന്ന് കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദില്‍ നിന്ന് മടങ്ങി. 

ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. മെട്രോ സ്‌റ്റേഷനിലും മെട്രോ കോച്ചിലും ചിത്രം വരച്ച് വികൃതമാക്കിയതിനാണ് ഇവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ ഗ്രാഫിറ്റി വരച്ചത്. സ്‌റ്റേഷനില്‍ അതിക്രമിച്ചു കടന്നു മെട്രോ റെയില്‍ കോച്ചില്‍ 'ടാസ്' എന്നു സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ലോകത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 

കൊച്ചി മെട്രോയിലെ 4 കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ എന്നി വാക്കുകളാണ് പെയിന്റ് ചെയ്തത്. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫിറ്റി ചെയ്തത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇറ്റാലിയന്‍ പൗരന്മാര്‍ ഗുജറാത്തില്‍ പിടിയിലായത്. ഇവര്‍ തന്നെയായിരിക്കും കൊച്ചി മെട്രോ കോച്ചുകളില്‍ ഗ്രാഫിറ്റി വരച്ചത് എന്ന സംശയത്തിലാണ് കൊച്ചിയില്‍ നിന്നുള്ള മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com