മലയാലപ്പുഴ മന്ത്രവാദം: ദമ്പതികള്‍ക്കെതിരെ കേസ് 

മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
പൊലീസ് കസ്റ്റഡിയിലെടുത്ത മന്ത്രവാദി
പൊലീസ് കസ്റ്റഡിയിലെടുത്ത മന്ത്രവാദി

പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 
മന്ത്രവാദചികിത്സ നടത്തിയിരുന്ന വാസന്തിമഠം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു.

മന്ത്രവാദ ചികിത്സയ്ക്കിടെ കുട്ടി കുഴഞ്ഞുവീഴുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതിഷേധക്കാര്‍ മഠം അടിച്ചുതകര്‍ത്തത്. മന്ത്രവാദ കേന്ദ്രം നടത്തിപ്പുകാരായ പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് വാസന്തി അമ്മ മഠം എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന മഠത്തില്‍ രോഗശാന്തി, വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങള്‍, സാമ്പത്തികമായ ഉന്നതി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി ദിനം പ്രതി നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രവാദ ചികിത്സയ്ക്കിടെ ഒരു കുട്ടി കുഴഞ്ഞുവീണിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചില യുവജന സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 

ഇന്ന് രാവിലെ നൂറ് കണക്കിനാളുകളാണ് മഠത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇതേതുടര്‍ന്നാണ് മന്ത്രവാദ കേന്ദ്രം നടത്തിപ്പുകാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മന്ത്രവാദ ചികിത്സയെ എതിര്‍ക്കുന്ന ആളുകളെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കുന്നവരുടെ വീടിനുമുന്‍പില്‍ പൂവ് ഇടുകയും നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com