ലൈഫ് മിഷന്‍: ഒരുലക്ഷത്തിലധികം വീടുകള്‍, അതിദരിദ്രര്‍ക്കും എസ് സി- എസ് ടിക്കും മുന്‍ഗണന; കരാര്‍ ഒപ്പിടും

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിടും. പട്ടികജാതി പട്ടികവര്‍ഗ മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുന്‍ഗണന നല്‍കും.  ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം. 

ലൈഫ് മിഷന്‍ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ കൈമാറും. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പട്ടിക വര്‍ഗസങ്കേതങ്ങളില്‍ വീടുവയ്ക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറ് ലക്ഷം രൂപയാണ് ധനസഹായം. മറ്റുള്ളവര്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. 

അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. എല്ലാ മനുഷ്യര്‍ക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലോകത്ത് മറ്റെവിടെയും ഇത്രയും വിപുലമായ ഒരു ഭവനപദ്ധതി മാതൃക ഇല്ല. നവകേരളത്തിലേക്കുള്ള കുതിപ്പിലെ നിര്‍ണായക ചുവടുവെപ്പാകും ലൈഫ് 2020 പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫിന്റെ ഒന്നാംഘട്ടത്തില്‍ പേരുള്ള, ഇനിയും കരാറില്‍ ഏര്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹിതര്‍ 4360ആണ്. സി ആര്‍ ഇ സെഡ്, വെറ്റ്‌ലാന്‍ഡ് പ്രശ്‌നങ്ങള്‍ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറില്‍ ഏര്‍പ്പെടാത്തവരുടെ വിശദാംശങ്ങള്‍ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com