ഏത് രാത്രിയും മൃഗങ്ങള്‍ക്ക് ചികിത്സയുമായി ഡോക്ടര്‍മാര്‍  കര്‍ഷകന്റെ വീട്ടുമുറ്റത്ത് എത്തും: മന്ത്രി ചിഞ്ചുറാണി

രാത്രികാല മൃഗപരിപാലത്തിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഓരോ പുതിയ വാഹനം നല്‍കു
പന്ന്യന്നൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെന്‍സറി മന്ദിരം മന്ത്രി ചിഞ്ചുറാണി നാടിനു സമര്‍പ്പിക്കുന്നു/പിആര്‍ഡി
പന്ന്യന്നൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെന്‍സറി മന്ദിരം മന്ത്രി ചിഞ്ചുറാണി നാടിനു സമര്‍പ്പിക്കുന്നു/പിആര്‍ഡി

കണ്ണൂര്‍: രാത്രികാല മൃഗപരിപാലത്തിന് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഓരോ പുതിയ വാഹനം നല്‍കുമെന്നും ഇനി അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഏത് രാത്രിയും മൃഗങ്ങള്‍ക്ക് ചികിത്സയുമായി ഡോക്ടര്‍മാര്‍ക്ക് കര്‍ഷകന്റെ വീട്ടുമുറ്റത്ത് എത്താനാവുമെന്നും മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പന്ന്യന്നൂര്‍ പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിച്ച ആധുനിക വെറ്ററിനറി ഡിസ്‌പെന്‍സറി മന്ദിരം നാടിന് സമര്‍പ്പിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. 

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ലൈവ് സ്‌റ്റോക്ക് ഇന്‍സ്പക്ടര്‍മാരുമുണ്ടെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രാത്രി സമയങ്ങളില്‍ വിളിച്ചാല്‍ ഡോക്ടര്‍മാര്‍ എത്തുന്നില്ലെന്ന പരാതി ചില കര്‍ഷകര്‍ ഉന്നയിച്ചിട്ടുണ്ട്. വളരെ ദൂരം സഞ്ചരിക്കേണ്ട പ്രയാസം കൊണ്ടാണവര്‍ക്ക് എത്താനാവാത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വാഹനം നല്‍കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ 30 വാഹനങ്ങള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. ബാക്കി നല്‍കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷം 10 ഗ്രാമ പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കി. 50 ലക്ഷം രൂപ ചിലവിലില്‍ നടപ്പാക്കിയ പദ്ധതിയിലൂടെ ഒരു പഞ്ചായത്തില്‍ 200 പശുക്കളെ പുതുതായി നല്‍കാനായി. പശു വളര്‍ത്തലില്‍ ഉത്പാദന ചെലവ് അനുദിനം വര്‍ധിച്ചുവരികയാണ്. കന്നുകാലികള്‍ക്ക് ആവശ്യമായത്ര കാലിത്തീറ്റ കേരളത്തില്‍ ഉദ്പാദിപ്പിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയാണ് മില്‍മയും കേരള ഫീഡ്‌സും കാലത്തീറ്റ നിര്‍മ്മിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അതിനൊരുക്കമല്ല. വില കുറയ്ക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ആന്ധ്രയിലെ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍  ചോളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സൈലേജ് എന്ന പുതിയ ഇനം തീറ്റ കുറഞ്ഞ വിലക്ക് കേരളത്തിലെ കര്‍ഷകര്‍ക്ക് എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സൈലേജ് നല്‍കിയാല്‍  കൂടുതല്‍ അളവില്‍ കട്ടി കൂടിയ പാല്‍ ലഭിക്കും. നമുക്കാവശ്യായ തീറ്റപ്പുല്‍കൃഷി ഇവിടെ തയ്യാറാക്കേണ്ടതുണ്ട്. ഒരേക്കറില്‍ പുല്‍കൃഷി നടപ്പാക്കിയാല്‍ 16000 രൂപ സര്‍ക്കാര്‍ സബ്‌സിഡി ഇനത്തില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പന്ന്യന്നൂര്‍  മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ സ്പീക്കര്‍ അധ്യക്ഷത വഹിച്ചു. 

2019 2020 സാമ്പത്തിക വര്‍ഷത്തെ മൃഗസംരക്ഷണ വകുപ്പ് ഫണ്ടില്‍ നിന്ന് 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വെറ്ററിനറി ഡിസ്‌പെന്‍സറി നിര്‍മ്മിച്ചത്. ഒറ്റ നിലയില്‍ ആറു മുറികളും ഒരു ടോയിലറ്റ് കോംപ്ലക്‌സുമാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം മന്ത്രി ജെ ചിഞ്ചു റാണിക്ക് ഇ വിജയന്‍ മാസ്റ്ററും സ്പീക്കര്‍ക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജയും ആദരം സമര്‍പ്പിച്ചു. 

പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകന്‍, വൈസ് പ്രസിഡണ്ട് കെ പി രമ, വാര്‍ഡ് അംഗങ്ങളായ സ്മിത സജിത്ത്, പി പി സുരേന്ദ്രന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ, വെറ്ററിനറി സര്‍ജന്‍ ഡോ. പി ദിവ്യ, പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ തെക്കേക്കാട്ടില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 'കരുതലോടെ നേരിടാം തെരുവുനായ ഭീഷണി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറില്‍ മാലൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി എന്‍ ഷിബു വിഷയമവതരിപ്പിച്ചു. ആനിമല്‍ ഹസ്ബന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി അജിത് ബാബു മോഡറേറ്ററായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com