നരബലി കേസ്: ആളൂരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രതികളെ കാണാം; കസ്റ്റഡി ഉത്തരവിനെതിരായ ഹര്‍ജി തള്ളി

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പൊലീസ് കസ്റ്റഡി അനുവദിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
അഡ്വ. ബിഎ ആളൂര്‍/ഫയല്‍
അഡ്വ. ബിഎ ആളൂര്‍/ഫയല്‍

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പൊലീസ് കസ്റ്റഡി അനുവദിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ പ്രതികളുടെ അഭിഭാഷകന്‍ ബിഎ ആളൂരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍ നേരം അവരെ കാണാന്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ പറഞ്ഞു.

പന്ത്രണ്ടു ദിവസം പൊലീസ് കസ്റ്റഡി അനുവദിച്ചതിന് എതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ആയുധങ്ങള്‍ കണ്ടെടുക്കുന്നത് ഉള്‍പ്പെടെയുള്ള തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതു നിയമ വിരുദ്ധമാണെന്നാണ് ബിഎ ആളൂര്‍ വാദിച്ചത്. പൊലീസ് കസ്റ്റഡി അനുവദിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും കക്ഷികളെ കാണാന്‍ അനുവദിക്കണമെന്ന തന്റെ ആവശ്യം മജിസ്‌ട്രേറ്റ് പരിഗണിച്ചില്ലെന്നും ആളൂര്‍ അറിയിച്ചു.

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

കൃത്യമായ കാരണങ്ങള്‍ നിരത്തിയാണ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്ന്, ഡിജിപി ഷാജി പി ചാലി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ന്യായമാണെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com