വീട് പണയപ്പെടുത്തി ഡിസിസി ഓഫീസ് പണിതു; അധികാരസ്ഥാനത്ത് എവിടെയും എത്താതെ മടക്കം; കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം

തീവ്രനിലപാടുള്ളവര്‍ നിറഞ്ഞ കണ്ണൂര്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു സതീശന്റെത്. 
സതീശന്‍ പാച്ചേനി/ ഫെയ്‌സ്ബുക്ക്‌
സതീശന്‍ പാച്ചേനി/ ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍: പാര്‍ലമെന്ററി പദവികളില്‍ എവിടെയും ഇല്ലാതെ മൂന്ന് പതിറ്റാണ്ട് കോണ്‍ഗ്രസിന്റെ സംഘടനാരംഗത്ത് നിറഞ്ഞുനിന്നയാളാണ് അപ്രതീക്ഷിതമായി വിടവാങ്ങിയ സതീശന്‍ പാച്ചേനി. കെഎസ് യു മുതല്‍ കെപിസിസിയില്‍ വരെ ഉന്നതസംഘടനാ പദവികളില്‍ എത്തിയിട്ടും തെരഞ്ഞെടുപ്പിന്റെ കടമ്പകള്‍ കടക്കാന്‍ സതീശന്‍ പാച്ചേനിക്ക് കഴിഞ്ഞില്ല. തീവ്രനിലപാടുള്ളവര്‍ നിറഞ്ഞ കണ്ണൂര്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു സതീശന്റെത്. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന യുവനേതാക്കളില്‍ പ്രധാനിയായിരുന്നു സതീശന്‍ പാച്ചേനിയെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. കെഎസ് യുവിലൂടെയാണ് സതീശന്‍ രാഷ്ട്രീയരംഗത്തേക്ക് വന്നത്. കണ്ണൂര്‍ ജില്ലയില്‍ കെഎസ് യു കെട്ടിപ്പെടുക്കാന്‍ അതിസാഹസികമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഏറെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി അഹോരാത്രം പണിയെടുത്താണ് സംഘടന ഉണ്ടാക്കിയത്. കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് സ്വന്തമായി ഓഫീസ് ഉണ്ടാക്കി കൊടുത്തത് സതീശന്‍ ജില്ലാ പ്രസിഡന്റായപ്പോഴാണ്. ഓഫീസ് നിര്‍മ്മാണത്തിന് അവസാനം പണമില്ലാതെ വന്നപ്പോള്‍ തന്റെ ഏകസമ്പാദ്യമായ വീട് പണയപ്പെടുത്തിയാണ് പാര്‍ട്ടിക്ക് മനോഹരമായ കെട്ടിടം ഉണ്ടാക്കികൊടുത്തതെന്നും ആന്റണി പറഞ്ഞു 

ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലര്‍ത്തിയിരുന്നു. സതീശന്റെ ബന്ധുമിത്രാദികളുടെയും 
കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. 

താങ്ങാന്‍ കഴിയാത്ത വേദനയാണ് ഈ വേര്‍പാട് തങ്ങള്‍ക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം കെഎസ് യു കാലം മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. തനിക്ക് സ്‌നേഹനിധിയായ ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്ടമായത്. എല്ലാവരിലും നിന്ന് വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു സതീശന്റെത്. ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. പ്രതീകൂലമായ സാഹചര്യങ്ങളില്‍ നിന്ന് കഠിനാദ്ധ്വാനം നടത്തി വളര്‍ന്നുവന്ന നേതാവാണ്. പാര്‍ലമെന്റില്‍ മത്സരിച്ചപ്പോള്‍ നേരിയ മാര്‍ജിനിലാണ് പരാജയപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു. ദൗര്‍ഭാഗ്യം ഒരു കൂടപ്പിറപ്പായിട്ട് ഉണ്ടായിരുന്ന ഒരാളായിരുന്നു. എന്നാല്‍ കൃത്യമായ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. പാര്‍ട്ടി പ്രസിഡന്റായപ്പോള്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് ഒരു ഓഫീസ് വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരുപാട് പ്രതിസന്ധികളുണ്ടായിട്ടും സ്വന്തം വീട് പണയംവച്ചാണ് ഓഫീസ് പൂര്‍ത്തികരിച്ചതെന്നും സതീശന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com