'യുവജനങ്ങളോടുള്ള ദ്രോഹം'; പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍: സര്‍ക്കാരിന് എതിരെ എഐവൈഎഫ്

സര്‍ക്കാര്‍ തീരുമാനം യുവജനങ്ങളോടുള്ള ദ്രോഹമാണ്. ഈ തീരുമാനം തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ സാധിക്കുള്ളു
എഐവൈഎഫ് പതാക
എഐവൈഎഫ് പതാക


തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം അറുപതായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എഐവൈഎഫ്. സര്‍ക്കാര്‍ നടപടി അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്നതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു. 

സര്‍ക്കാര്‍ തീരുമാനം യുവജനങ്ങളോടുള്ള ദ്രോഹമാണ്. ഈ തീരുമാനം തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ സാധിക്കുള്ളു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അജണ്ടയിലെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് ശരിയായ നടപടിയല്ല. ഉത്തരവ് പിന്‍വലിച്ച് യുവജനങ്ങളുടെ തൊഴില്‍ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍ പ്രായം വര്‍ധനവിനും നിയമന നിരേധനത്തിനും എതിരെ യുവജനങ്ങള്‍ നടത്തിയ ശക്തമായ സമരത്തിന്റെ കൂടി ഫലമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. ഈ നടപടി തൊഴിലിനായി കാത്തിരിക്കുന്ന യുവജനങ്ങളോടുള്ള വഞ്ചനയാണ്. ഒഴിവുകള്‍ നികത്താതെ യുവജനങ്ങളുടെ ഭാവി വെച്ചു പന്താടുന്ന കേന്ദ്രസര്‍ക്കാറിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാകും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. യുവജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിലേക്ക് കടന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു. 

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം അറുപതായി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

പൊതുമേഖ സ്ഥാപനങ്ങളില്‍ പലതരത്തിലുള്ള പെന്‍ഷന്‍ പ്രായമാണ് നിലനില്‍ക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി എന്നിവയെ പെന്‍ഷന്‍ പ്രായം ഏകീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. അതേസമയം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന് എതിരെ ഭരണമുന്നണിയില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്. എഐവൈഎഫ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com