'നിരീക്ഷണം ഹോബിയാക്കി'; രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥന്‍: റെക്കോര്‍ഡിട്ട് രാജു നാരായണ സ്വാമി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 07:53 PM  |  

Last Updated: 02nd April 2022 07:53 PM  |   A+A-   |  

raju_narayana_swami

രാജു നാരായണ സ്വാമി (ഫയല്‍ ചിത്രം)

 

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥനെന്ന റെക്കോര്‍ഡ് ഇനി രാജു നാരായണ സ്വാമിയ്ക്ക്. മഹാരാഷ്ടയിലെ കോല്‍ഹാപ്പുരിലെ ഉപതെരഞ്ഞെടുപ്പില്‍ നിരിക്ഷകനായി നിയമിക്കപ്പെട്ടതോടെയാണ് ഈ റെക്കോര്‍ഡ് തേടിയെത്തിയത്. ഇത് രാജു നാരായണ സ്വാമിയുടെ 34മത് തെരഞ്ഞെടുപ്പ് നിരീക്ഷണമാണ്. 

തെരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നിരിക്ഷകനായിട്ടുള്ള രാജു നാരായണ സ്വാമി, മഹാരാഷ്ട്രയില്‍ തന്നെ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിനെത്തുന്നത്. 2009 ല്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ ലോകസഭാ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യം നിരീക്ഷകനായി പോയത്. പിന്നീട് 16 സംസ്ഥാനങ്ങളില്‍ നിരീക്ഷണ ജോലി കിട്ടി. 

ജാര്‍ഖണ്ഡില്‍ നെക്സല്‍ ഭീഷണി മേഖലയിലും സംസ്ഥാന വിഭജനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ തെലങ്കാനയിലും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാമിക്ക് പ്രത്യേക അനുമോദന കത്ത് നല്‍കിയിരുന്നു. 2018ലെ സിംബാബെ  തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.  

നിരീക്ഷണ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'കൂച്ച് ബെഹാര്‍ മുതല്‍ കൂല്‍ത്തളി വരെ' എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ 30-മത് പുസ്തകമാണ്. 1991  ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളില്‍ കലക്ടറായും  കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.