കൃഷിയിടത്തിൽ മേഞ്ഞു നടന്ന പശുവിനെ കൊന്നു തിന്നു; പുലിയെ പേടിച്ച് നാട്ടുകാർ
കൊച്ചി: പാണിയേലിക്ക് സമീപം കുത്തുങ്കൽ വീണ്ടും പുലിപ്പേടിയിൽ. വെള്ളിയാഴ്ച വൈകീട്ട് കൃഷിയിടത്തിൽ മേഞ്ഞു നടന്ന പശുവിനെ പുലി കൊന്നു തിന്നു. പുത്തൻകുടി സജിയുടെ രണ്ട് വയസ് പ്രായമുള്ള എച്എഫ് ഇനത്തിൽപ്പെട്ട പശുവിനെയാണ് കൊന്നത്. മാംസം പകുതിയോളം പുലി തിന്നു.
സജിക്ക് മൂന്ന് പശുക്കളാണ് ഉള്ളത്. വനാതിർത്തിയിലെ ആറേക്കർ വരുന്ന കൃഷിയിടത്തിൽ താമസിച്ച് ജോലി ചെയ്യുകയാണ് സജിയുടെ കുടുംബം. മേയ്ക്കാനായി അഴിച്ചുവിട്ട പശുക്കളിലൊന്നിനെ വൈകീട്ട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപത് മണിയോടെ പശുവിന്റെ ജഡം കണ്ടെത്തിയത്.
അതേസമയം പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ സമീപമുള്ള ഇലവുംകുടി പ്രഭാകരന്റെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് കാട്ടാന, പുലി, കാട്ടുപന്നി എന്നിവമൂലമുണ്ടാകുന്ന കൃഷിനാശം രൂക്ഷമായിരിക്കുകയാണ്.
രണ്ട് മാസം മുൻപ് പാണിയേലി, മേയ്ക്കപ്പാല, കുത്തുങ്കൽ എന്നിവിടങ്ങളിൽ വളർത്തുനായ്ക്കളേയും ആടുകളേയും പുലി കൊന്നുതിന്ന സംഭവമുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് പ്ലാമുടിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പുലിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക